കോൺഗ്രസ് – എസ്പി ഭിന്നത ; പരിഹരിക്കാൻ ഇടപെടലുമായി പ്രിയങ്ക ഗാന്ധി

ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടിയുമായുള്ള സഖ്യചർച്ചകളിലെ പ്രതിസന്ധി പരിഹരിക്കാൻ പ്രിയങ്ക ഗാന്ധി രംഗത്ത്. സമാജ്വാദി പാർട്ടിയോട് ചേർന്ന് നിൽക്കണമെന്നും വാക്പോര് ഒഴിവാക്കണമെന്നും സംസ്ഥാന കോൺഗ്രസ് നേതാക്കളോട് പ്രിയങ്ക ഗാന്ധി നിർദേശിച്ചു. തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന പഞ്ചാബിലെ വാർ റൂമിന്റെ ചുമതല എഐസിസി കണ്ണൻ ഗോപിനാഥന് നൽകി. ഉത്തർപ്രദേശിലെ 403 സീറ്റുകളിൽ സമാജ്വാദി പാർട്ടിയോട് 180 സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ പ്രാവശ്യം ഒറ്റയ്ക്ക് മത്സരിച്ച കോൺഗ്രസ് രണ്ട് സീറ്റുകളിലാണ് വിജയിച്ചത്. 2.3% വോട്ടുകൾ മാത്രമേ കോൺഗ്രസിന് നേടാൻ കഴിഞ്ഞുള്ളൂ. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആറുപേരെ വിജയിപ്പിക്കാനായി. ഈ സാഹചര്യത്തിലാണ് യുപിയിൽ ഇത്തവണ കൂടുതൽ സീറ്റുകൾ സമാജ്വാദി പാർട്ടിയോട് ആവശ്യപ്പെടുന്നത്. എന്നാൽ പരമാവധി 60 സീറ്റുകൾ നൽകാം എന്നതായിരുന്നു അഖിലേഷ് യാദവിന്റെ നിലപാട്. ഇതിൽ കൂടുതൽ വേണമെങ്കിൽ വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളുടെ പട്ടിക നൽകണമെന്നും അഖിലേഷ് യാദവ് നിർദേശിക്കുന്നു.
ഭിന്നത പരിഹരിക്കാൻ പ്രിയങ്ക ഗാന്ധി തന്റെ വീട്ടിൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷ ആരാധന മിശ്ര അടക്കമുള്ളവരുടെ യോഗം വിളിച്ചു. രണ്ട് പാർട്ടികൾക്കും ഇടയിലുള്ള പരസ്യ വാഗ്വാദം ഒഴിവാക്കണമെന്നാണ് പ്രിയങ്ക ഗാന്ധി നിർദേശിച്ചത്. അഖിലേഷ് യാദവുമായി രാഹുൽ ഗാന്ധിയും പ്രിയങ്കയും തുടർചർച്ചകൾ നടത്തും. സീറ്റുകളുടെ എണ്ണം നിശ്ചയിക്കുന്നതിന് പകരം സ്ഥാനാർത്ഥി പട്ടിക അഖിലേഷ് യാദവ് ചോദിക്കുന്നത് മര്യാദയല്ലെന്നാണ് സംസ്ഥാന കോൺഗ്രസ് നേതാക്കളുടെ വാദം. അഖിലേഷ് ഇല്ലെങ്കിൽ മായാവതിയുമായി ചർച്ച നടത്താം എന്നും സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കൾ വാദിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെയും വാർ റൂമിന്റെ ചുമതലക്കാരെ എഐസിസി നിശ്ചയിച്ചു. പഞ്ചാബിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനാണ് ചുമതല. യുപിയുടെ ചുമതല സച്ചിൻ യാദവിന് നൽകി.




