പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണം?… പിഎസ്‌സി കേസിൽ….

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണോയെന്ന് സർക്കാരിനോട് ഹൈക്കോടതി. പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണമാണ് നടക്കുന്നതെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അന്വേഷണവുമായി പിഎസ്‌സി സഹകരിക്കുന്നില്ലെന്ന് സർക്കാർ കോടതിയിൽ ആവർത്തിച്ചു. ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പിഎസ്‌സി ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നും അന്വേഷണം ശക്തമായി മുന്നോട്ടുപോകുകയാണെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ ചട്ടങ്ങൾ പാലിക്കാതെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതെന്നാണ് പിഎസ്‌സിയുടെ വാദം.
പിഎസ്‌സി പരീക്ഷയിലെ ക്രമക്കേട് ക്ലറിക്കൽ മിസ്റ്റേക്ക് മാത്രമല്ലെന്നും മനഃപൂർവം വീഴ്ച വരുത്തിയതാണെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. അതേസമയം, പരീക്ഷാ അട്ടിമറിക്ക് പിന്നിൽ വൻ ആസൂത്രിത ഗൂഢാലോചനയുണ്ടെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർഥിയെ മുന്നിലെത്തിക്കാൻ ഗൂഢാലോചന നടന്നെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർഥി ഉത്തരം എഴുതാതിരുന്ന 54 മാർക്കിന്റെ ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതോടെ ഉയർന്ന റാങ്കിലെത്തേണ്ടിയിരുന്ന മറ്റ് ഉദ്യോഗാർഥികൾക്ക് അർഹമായ മാർക്ക് നഷ്ടമായെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. രണ്ടാം റാങ്കുകാരനെക്കാൾ യഥാർഥത്തിൽ 53 മാർക്ക് കുറവുണ്ടായിരുന്ന ഒന്നാം റാങ്കുകാരൻ, മാർക്ക് കണക്കാക്കുന്നതിലെ ക്രമക്കേടിലൂടെ ഒരു മാർക്കിന്റെ വ്യത്യാസത്തിൽ ഒന്നാമതെത്തിയെന്നാണ് റിപ്പോർട്ടിലുള്ളത്. പരീക്ഷാ ക്രമക്കേടിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണം കേസിനെ കൂടുതൽ ഗൗരവത്തിലാക്കിയിരിക്കുകയാണ്.



