‘പറയേണ്ടതെല്ലാം പറഞ്ഞു, ബാക്കി നിയമസഭയിൽ’…. എസ്എംഎ വിവാദത്തിൽ മന്ത്രി

തിരുവനന്തപുരം: എസ്എംഎ മരുന്ന് മാറ്റ വിവാദത്തിൽ പ്രതികരണവുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. വിഷയത്തിൽ പറയേണ്ടതെല്ലാം പറഞ്ഞു കഴിഞ്ഞെന്നും ബാക്കിയുള്ള കാര്യങ്ങൾ മറ്റന്നാൾ നിയമസഭയിൽ വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. ഒരു കമ്പനിയെയും സഹായിക്കേണ്ട ആവശ്യം സർക്കാരിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്എംഎ ബാധിതരായ കുട്ടികളുടെ രക്ഷിതാക്കളുടെ ആശങ്കകൾ ചികിത്സിക്കുന്ന ഡോക്ടർമാർ പരിഹരിച്ചിട്ടുണ്ടെന്നാണ് മന്ത്രിയുടെ വിശദീകരണം. രക്ഷിതാക്കൾ ഇതുവരെ തന്നോട് ആശങ്കകൾ അറിയിച്ചിട്ടില്ലെന്നും വിവാദം നിലനിൽക്കണമെന്നത് ചിലരുടെ ആഗ്രഹമാണെന്നും മന്ത്രി ആരോപിച്ചു. എന്നാൽ വിവാദത്തിന് സർക്കാർ വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ടോറസ് കമ്പനിയിൽ നിന്ന് എൽഡിഎഫ് സർക്കാർ മരുന്ന് വാങ്ങിയതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഒരു കമ്പനിയിൽ നിന്ന് മാത്രം മരുന്ന് വാങ്ങിക്കൂട്ടിയത് സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ബിനാമി വഴിയല്ലാതെ നേരിട്ടും മരുന്ന് വാങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒരു കമ്പനിയെയും സഹായിക്കേണ്ട ആവശ്യം കോൺഗ്രസിനോ സർക്കാരിനോ ഇല്ലെന്നും ആരിൽ നിന്നും പാർട്ടി പണം കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, എസ്എംഎ മരുന്ന് വിവാദത്തിൽ മുൻ ആരോഗ്യമന്ത്രിമാർ നടത്തിയ വാർത്താസമ്മേളനം തിരിച്ചടിയായെന്നാണ് സിപിഎം നേതാക്കൾക്കിടയിലെ വിലയിരുത്തലെന്നാണ് റിപ്പോർട്ടുകൾ. ജനറിക് മരുന്നുകളെക്കുറിച്ചുള്ള പാർട്ടിയുടെ നിലപാട് വാർത്താസമ്മേളനത്തിൽ മറന്നുപോയെന്നും വാദങ്ങളിൽ പിഴവുണ്ടായെന്നും വിമർശനമുണ്ട്. എസ്എംഎ ബാധിതരായ കുട്ടികളുടെ രക്ഷിതാക്കളുടെ ആശങ്കകൾക്ക് പ്രാധാന്യം നൽകുന്നതിനുപകരം മരുന്ന് പരീക്ഷണവുമായി ബന്ധപ്പെട്ട വാദങ്ങൾ ഉയർത്തിയത് വീഴ്ചയായെന്നാണ് ചില നേതാക്കളുടെ അഭിപ്രായം.



