പീഡന പരാതികൾ അന്വേഷിക്കാൻ ഐസിസി രൂപീകരിക്കാൻ…

തിരുവനന്തപുരം: പാർട്ടിക്കുള്ളിലെ പീഡന പരാതികൾ അന്വേഷിക്കാൻ ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) രൂപീകരിക്കാൻ സിപിഐഎം. പരാതികൾ പാർട്ടി കമ്മിറ്റികൾ കൈകാര്യം ചെയ്യുന്ന നിലവിലെ രീതി അവസാനിപ്പിക്കാനാണ് കേന്ദ്ര കമ്മിറ്റിയുടെ നിർദേശം. കേന്ദ്ര കമ്മിറ്റി തീരുമാനം സംസ്ഥാന സമിതിയിൽ റിപ്പോർട്ട് ചെയ്തു. ബന്ധപ്പെട്ട പാർട്ടി ഘടകങ്ങളിലെ ഐസിസിയാകും പരാതികൾ അന്വേഷിച്ച് തീരുമാനമെടുക്കുക. സമിതിയുടെ തീരുമാനം പാർട്ടി കമ്മിറ്റികൾക്ക് മാറ്റാൻ കഴിയില്ലെന്നാണ് നിർദേശം. തീരുമാനത്തിനെതിരെ അപ്പീൽ ലഭിച്ചാൽ മേൽക്കമ്മിറ്റിയിലെ ഐസിസി അത് പരിഗണിക്കും.
പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ ഐസിസി നിർബന്ധിത സംവിധാനമാക്കണമെന്നാണ് കേന്ദ്ര കമ്മിറ്റി നിർദേശിച്ചിരിക്കുന്നത്. ലിംഗസമത്വത്തിന് പ്രാധാന്യം നൽകുന്ന പുരോഗമന രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ് തീരുമാനമെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പാർട്ടി നേതാക്കൾ മാത്രമായിരിക്കില്ല ഐസിസിയിൽ അംഗങ്ങളാകുക. അഭിഭാഷകർ ഉൾപ്പെടെയുള്ളവരെ സമിതിയിൽ ഉൾപ്പെടുത്താനും നിർദേശമുണ്ട്. അതേസമയം, രാഷ്ട്രീയ-സംഘടനാ പ്രവർത്തനങ്ങൾക്ക് വാർഷിക കലണ്ടർ തയ്യാറാക്കാനും സിപിഐഎം തീരുമാനിച്ചിട്ടുണ്ട്. ഇന്ന് സമാപിക്കുന്ന പാർട്ടി സംസ്ഥാന സമിതി യോഗം ഭാവി പ്രവർത്തനങ്ങൾക്കുള്ള കലണ്ടറിന് അന്തിമരൂപം നൽകും. ഒരു വർഷം നീളുന്ന രാഷ്ട്രീയ-സംഘടനാ പരിപാടികളാണ് കലണ്ടറിൽ ഉൾപ്പെടുത്തുക. പാർട്ടിയുടെ വിവിധ തലങ്ങളിലുള്ള കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ, രാഷ്ട്രീയ സെമിനാറുകൾ, ബഹുജന സംഘടനാ യോഗങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. പാർട്ടിയെ സംഘടനാപരമായും രാഷ്ട്രീയമായും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.




