എസ്ബിഐ ഡേറ്റാ ചോർച്ചയിൽ അടിയന്തര അന്വേഷണം വേണം… കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ച്….

ഡൽഹി: എസ്ബിഐ ഡേറ്റാ ചോർച്ചയിൽ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ച് എ.എ. റഹീം എംപി. ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങൾ ഡാർക്ക് വെബിൽ എത്തിയ സംഭവം രാജ്യത്തിന് അപമാനമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും രാജ്യത്തെ ബാങ്കുകളിലും സാമ്പത്തിക സ്ഥാപനങ്ങളിലും വിവരസുരക്ഷ ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എത്ര ഉപഭോക്താക്കളുടെ വിവരങ്ങളാണ് ചോർന്നതെന്നും ചോർച്ചയുണ്ടായത് എങ്ങനെയാണെന്നും അടിയന്തരമായി കണ്ടെത്തണം. ചോർന്ന വിവരങ്ങൾ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾ തടയുകയും ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പാക്കുകയും വേണമെന്നും എ.എ. റഹീം ആവശ്യപ്പെട്ടു. 3,897 ഉപഭോക്തൃ രേഖകൾ ഡാർക്ക് വെബിൽ കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഉപഭോക്താക്കളുടെ പേര്, മൊബൈൽ നമ്പർ, ജനനത്തീയതി, ഇ-മെയിൽ വിലാസം, താമസവിലാസം തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ചോർന്നതായാണ് കണ്ടെത്തൽ. സംഭവത്തിൽ എസ്ബിഐ സൈബർ സുരക്ഷാ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്കിന്റെ പ്രധാന പ്രവർത്തനങ്ങളെ ഡേറ്റാ ചോർച്ച ബാധിച്ചിട്ടില്ലെന്നാണ് എസ്ബിഐയുടെ വിശദീകരണം. കണ്ടെത്തിയ 3,897 ഉപഭോക്തൃ രേഖകളുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്.




