ഞങ്ങള്‍ പറഞ്ഞ ഓരോ കാര്യവും അംഗീകരിക്കുന്നത് പോലെയല്ലേ സുപ്രീംകോടതി നിരീക്ഷണങ്ങള്‍….എം വി ഗോവിന്ദന്‍

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ആവേശകരമായ വിധിയാണ് സുപ്രീംകോടതിയില്‍ നിന്ന് വന്നിരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുന്ന തീരുമാനം കോടതി സ്വീകരിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് സിപിഐഎം പറഞ്ഞുകൊണ്ടിരുന്ന ഓരോ കാര്യവും അംഗീകരിക്കുന്നത് പോലെയല്ലേ ഇന്ന് സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങളെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു. അധികാരം പരിധി വിടരുതെന്നാണ് കോടതി ഇഡിയോട് പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം തടഞ്ഞുകൊണ്ടുള്ള സുപ്രീംകോടതിയുടെ വിധിയ്ക്ക് പിന്നാലെയാണ് എം വി ഗോവിന്ദന്റെ പ്രതികരണം. എഫ്‌ഐആറിടാന്‍ പറഞ്ഞ സിംഗിള്‍ ബെഞ്ച് തീരുമാനവും പിണറായി വിജയന്റെ ഹര്‍ജി അനുവദിക്കാത്ത ഡിവിഷന്‍ ബെഞ്ച് തീരുമാനവും വിമര്‍ശിക്കപ്പെട്ടതായി എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിനെതിരേയും വിമര്‍ശനമെന്ന് പറയാനാകുന്ന പരാമര്‍ശങ്ങള്‍ കോടതിയില്‍ നിന്നുണ്ടായെന്നും അദ്ദേഹം പറഞ്ഞു. പിണറായിയെ വേട്ടയാടാനാണ് ഈ കേസ് കെട്ടിച്ചമച്ചതെന്ന നിലപാട് പണ്ടും സിപിഐഎം പറഞ്ഞിട്ടുള്ളതാണ്. ഈ നീക്കങ്ങളെ തുടര്‍ന്നും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button