ഒക്ടോബർ 24ന് എൽ.ഡി.എഫ് ഹർത്താൽ… മാറ്റമില്ലെന്ന് സി.പി.എം

പത്തനംതിട്ട: പരിസ്ഥിതിലോല പ്രദേശ വിജ്ഞാപനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 24ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി രാജു എബ്രഹാം വ്യക്തമാക്കി. ജില്ലയിലെ ഏഴ് വില്ലേജുകളെയും വിജ്ഞാപനത്തിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും ഇതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഹർത്താൽ ആഹ്വാനത്തിനെതിരെ രൂക്ഷ വിമർശനവുമായി പഴകുളം മധു എം.എൽ.എ രംഗത്തെത്തി.

സർക്കാർ സമർപ്പിക്കുന്ന റിപ്പോർട്ടിനെതിരെയാണ് എൽ.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നതെന്നും ജനങ്ങളെ വഞ്ചിക്കാനാണ് നീക്കമെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ അടിയന്തര പ്രമേയം പോലും നിയമസഭയിൽ കൊണ്ടുവരാൻ ഇടതുമുന്നണി തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിനിടെ, പരിസ്ഥിതിലോല മേഖലാ നിർണയവും ഭൂപ്രശ്നങ്ങളും ഉന്നയിച്ച് ഇടുക്കിയിൽ സി.പി.എം ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമായിരുന്നു. പലയിടങ്ങളിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. സി.എച്ച്.ആർ പ്രദേശം വനഭൂമിയാക്കി മാറ്റാനുള്ള നീക്കം തിരിച്ചറിയുക, ആനത്താരകൾ സൃഷ്ടിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹർത്താൽ അനുകൂലികൾ ഉന്നയിച്ചത്. പരിസ്ഥിതിലോല മേഖലയായി നിർണയിച്ച പ്രദേശങ്ങളുടെ കാഡസ്ട്രൽ മാപ്പിൽ വ്യക്തതയില്ലെന്നും സി.പി.എം ആരോപിക്കുന്നു.

Related Articles

Back to top button