ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കരുത്… മുൻ വൈദ്യുതിമന്ത്രി

പാലക്കാട്: സംസ്ഥാനത്ത് ജനങ്ങളുടെ മേൽ അധിക വൈദ്യുതി ഭാരം അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരെ മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി രംഗത്ത്. കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാൻ നിലവിൽ കരാറുകൾ നിലനിൽക്കെ, എന്തിനാണ് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങിയതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യൂണിറ്റിന് 14.50 രൂപ എന്ന വലിയ തുകയ്ക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യം എന്തായിരുന്നുവെന്നും, ഈ കരാറിന് റഗുലേറ്ററി കമ്മീഷന്റെ അംഗീകാരം ഉണ്ടോ എന്നും സർക്കാർ വ്യക്തമാക്കണം. നിലവിലുള്ള കരാർ പ്രകാരമുള്ള വൈദ്യുതി ലഭ്യമാക്കാൻ സർക്കാർ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി അതിന്റെ ഭാരം നിരക്ക് വർധനയിലൂടെ ജനങ്ങളുടെ തലയിൽ അടിച്ചേൽപ്പിക്കുന്ന നടപടിയിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാരിന്റെ വൈദ്യുതി നയത്തിൽ മാറ്റം വരണമെന്നും, പകൽ സമയത്ത് സുലഭമായി ലഭിക്കുന്ന സൗരോർജ്ജം പാഴാക്കിക്കളയാതെ സംഭരിച്ചുവെച്ച് രാത്രിയിലെ പീക്ക് സമയങ്ങളിൽ പ്രയോജനപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം നിർദേശിച്ചു.
അതേസമയം, അടുത്ത അഞ്ച് വർഷത്തേയ്ക്കായി കേരള ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം ചെയ്ത പുതിയ താരിഫ് നയം ജനങ്ങളെ ആശങ്കയിലാക്കുന്നതാണ്. അടുത്ത ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നയം സംസ്ഥാനത്ത് വൈദ്യുതി നിരക്കിലും സർചാർജുകളിലും വലിയ വർദ്ധനവിന് കളമൊരുക്കും. കെഎസ്ഇബിയുടെ നിലവിലെ 5,000 കോടിയുടെ സാമ്പത്തിക ബാധ്യതയും ഹ്രസ്വകാല കരാറുകളിലെ അധിക ബാധ്യതകളും ഉപഭോക്താക്കളെ ബാധിക്കുന്ന തരത്തിലാണ് നയം തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ, വൈദ്യുതി ഉപഭോഗത്തിലെ പീക്ക് സമയം വൈകീട്ട് 6 മുതൽ രാത്രി 11.30 വരെയായി മാറ്റാനും, ഈ സമയത്ത് വൈദ്യുതി ഉപയോഗിക്കുന്നതിന് അധിക നിരക്ക് ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.




