സ്റ്റോപ്പില്ലാത്ത ട്രെയിൻ വേഗത കുറച്ചപ്പോൾ ചാടിയിറങ്ങി… യുവാവിന് ദാരുണാന്ത്യം

ആലുവ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണ് യുവാവ് ദാരുണമായി മരിച്ചു. പൊഞ്ഞാശ്ശേരി അമ്മച്ചിക്കവല സ്വദേശി അൽത്താഫ് (35) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.
ചെന്നൈ–തിരുവനന്തപുരം ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന അൽത്താഫ്, ആലുവ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ആലുവ സ്റ്റേഷനിൽ സ്റ്റോപ്പില്ലാത്ത ട്രെയിൻ വേഗത കുറച്ചപ്പോൾ താഴെയിറങ്ങാൻ ശ്രമിക്കവെ അദ്ദേഹം കാൽവഴുതി വീഴുകയായിരുന്നു. ദീർഘകാലം പ്രവാസിയായിരുന്ന അൽത്താഫ്, പിന്നീട് നാട്ടിൽ തിരിച്ചെത്തി യൂബർ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് കുടുംബവും നാട്ടുകാരും.



