കൊല്ലം ഹാർബറിലെ ടാങ്കിൽ മൃതദേഹാവശിഷ്ടങ്ങൾ.. തെളിഞ്ഞത്..

ശക്തികുളങ്ങര ഹാർബറിലെ ശുചിമുറി മാലിന്യ ടാങ്കിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ചവറ കൊട്ടുകാട് സ്വദേശി നിസാർ (55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൊട്ടിയം സ്വദേശി ശ്യാംജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിസാറിനെ കൊലപ്പെടുത്തി മൃതദേഹം ടാങ്കിൽ ഉപേക്ഷിച്ചതാണെന്ന് പ്രതി സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
കഴിഞ്ഞ മാസം 30ന് ഹാർബറിലെ ശുചിമുറി ടാങ്കിലെ മാലിന്യം നീക്കം ചെയ്യുന്നതിനായി സ്ലാബ് തുറന്ന തൊഴിലാളികളാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിവരം ഉടൻ ശക്തികുളങ്ങര പൊലീസിനെ അറിയിച്ചു. പൂർണമായും ജീർണിച്ച നിലയിലായിരുന്നതിനാൽ ആദ്യം മൃഗത്തിന്റെ അവശിഷ്ടങ്ങളാണെന്നായിരുന്നു സംശയം. എന്നാൽ വെറ്ററിനറി സർജൻ നടത്തിയ പരിശോധനയിൽ അവ മൃഗത്തിന്റേതല്ലെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് തലയോട്ടി കൂടി കണ്ടെത്തിയത്.
ഹാർബറിലെ ശുചിമുറികൾ വാടകയ്ക്ക് നൽകിവന്നിരുന്ന നിസാർ അവിടെത്തന്നെയായിരുന്നു താമസം. ശുചിമുറികളുടെ കരാർ ഏറ്റെടുത്തിരുന്നയാളുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന ശ്യാംജിത്താണ് കേസിൽ അറസ്റ്റിലായത്.
സംഭവദിവസം നിസാർ ശ്യാംജിത്തിനെ ചീത്തവിളിച്ചിരുന്നു. ഇതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആദ്യം കൈകൊണ്ട് മർദിച്ച പ്രതി പിന്നീട് ശുചിമുറിയിൽ സൂക്ഷിച്ചിരുന്ന കമ്പി ഉപയോഗിച്ച് നിസാറിന്റെ തലയ്ക്കടിക്കുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം മൃതദേഹം പായയിൽ പൊതിഞ്ഞ് സമീപത്തെ ടാങ്കിന്റെ മൂടി തുറന്ന് അതിനുള്ളിൽ തള്ളിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കൊലപാതകത്തിനുശേഷവും പ്രതി പതിവുപോലെ ജോലി തുടർന്നു. ഹാർബറിലെ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് പൊലീസിനെ എത്തിച്ചത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ശ്യാംജിത്ത് കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തി.



