വിഴിഞ്ഞം കപ്പലിൽ അവശനിലയിലായ ജീവനക്കാരനെ…

തിരുവനന്തപുരം: കപ്പലിൽ അവശനിലയിലായ ജീവനക്കാരനെ കരയിലെത്തിച്ച് കോസ്റ്റുഗാർഡ്. ചൈനയിൽ നിന്ന് സിങ്കപ്പൂരിലേക്ക് എൽ.പി.ജി വാതകവുമായി പോയ ഇക്വറ്റോറിയൽ പതാകയേന്തിയ ‘നെക്സോർ’ എന്ന കപ്പലിലെ ജൂനിയർ എൻജിനീയറായ അൻസാരി മുഹമ്മദ് ബാരിസിനെയാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കരയിലെത്തിച്ചത്.
ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ സിങ്കപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ കുളച്ചൽ കടലിൽ വെച്ചാണ് ജീവനക്കാരന് കടുത്ത വയറുവേദനയും മൂത്രത്തിലൂടെ രക്തം പോകുന്നതടക്കമുള്ള ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടത്. കപ്പലിലെ ഡോക്ടർ വേദന സംഹാരിക്കുള്ള താൽക്കാലിക മരുന്ന് നൽകിയെങ്കിലും ഫലവത്താകാതിരുന്നതിനെ തുടർന്ന്, അടിയന്തര വൈദ്യസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കപ്പൽ ക്യാപ്റ്റൻ ബോസ്ലെ വിജയ് കാരപ്പ മുംബൈയിലുള്ള മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്ററിലേക്ക് (എം.ആർ.സി.സി) സന്ദേശം കൈമാറുകയായിരുന്നു.



