മരുന്നുകളുടെ സ്റ്റോക്ക് വിവരങ്ങൾ ഡോക്ടർമാർക്ക് നൽകണം, ജനറിക് പേരുകൾ നിർബന്ധമാക്കി..

മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ പി ഡോക്ടർമാർക്ക് നൽകണമെന്നത് അടക്കമുള്ള നിർദേശങ്ങളുമായി ആരോഗ്യവകുപ്പ് സർക്കുലർ. മരുന്ന് ക്ഷാമത്തിൽ ആരോഗ്യവകുപ്പിനെതിരെ വിമർശനം ഉയർന്നതിന് പിന്നാലെയാണ് നടപടി. മരുന്ന് കുറിപ്പടികളിൽ ജനറിക് പേരുകൾ നിർബന്ധമായി എഴുതണമെന്നും നിർദേശമുണ്ട്. ലാബ് പരിശോധനകൾക്കുള്ള റീഏജൻറുകളുടെ ലഭ്യത ഉറപ്പാക്കണം. റീഏജൻറുകളുടെ സ്റ്റോക്ക് , ക്ഷാമം ആവശ്യകത എന്നിവ സംബന്ധിച്ച റിപ്പോർട്ട് രണ്ടാഴ്ച കൂടുമ്പോൾ നൽകണം. റീഏജന്റുകൾ ഇല്ലെങ്കിൽ ആശുപത്രി വികസന സമിതി ഫണ്ട് ഉപയോഗിച്ച് വാങ്ങാമെന്നും നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കുമടക്കം സർക്കുലർ നൽകിയിട്ടുണ്ട്. മരുന്ന് ക്ഷാമം ഉൾപ്പെടെയുള്ള വിമർശനങ്ങൾക്കിടെയുള്ള നടപടി, സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാനെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയത്.



