പ്രസവത്തിനായി അമ്മ ആശുപത്രിയിൽ; പിന്നാലെ രണ്ടു വയസ്സുകാരന്റെ മരണം.. സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളിയിൽ രണ്ടു വയസ്സുകാരൻ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. മഹാദേവികാട് സ്വദേശികളായ രാജേഷ്–താര ദമ്പതികളുടെ മകൻ രാഹുലാണ് ഇന്ന് രാവിലെ മരിച്ചത്. പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നാണ് പിതാവ് രാജേഷ് പറയുന്നത്. എന്നാൽ ദമ്പതികളുടെ മറ്റൊരു കുഞ്ഞും ഏതാനും ദിവസങ്ങൾക്കു മുൻപ് മരിച്ചിരുന്നതിനാൽ സംഭവത്തിൽ നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. പോസ്റ്റ്മോർട്ടം പരിശോധനയ്ക്കു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.
താരയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെയാണ് രണ്ടു വയസ്സുകാരന്റെ മരണം സംഭവിച്ചത്. ദമ്പതികൾക്ക് മറ്റു നാലു കുഞ്ഞുങ്ങൾ കൂടിയുണ്ട്. ഒരേ കുടുംബത്തിലെ രണ്ട് കുഞ്ഞുങ്ങൾ ചുരുങ്ങിയ കാലയളവിനുള്ളിൽ മരിച്ചതാണ് നാട്ടുകാരിൽ ആശങ്കയുണ്ടാക്കിയത്.
കുഞ്ഞുങ്ങളെ മാതാപിതാക്കൾ ശരിയായ രീതിയിൽ പരിപാലിക്കുന്നില്ലെന്ന് നാട്ടുകാർ നേരത്തേ പരാതി ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന് അടുത്തിടെ ജനപ്രതിനിധികൾ ഇടപെട്ട് രാജേഷിനെയും താരയെയും കുഞ്ഞുങ്ങളെയും പത്തനാപുരത്തെ ഒരു സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. എന്നാൽ അവിടെനിന്ന് സ്വന്തം ഇഷ്ടപ്രകാരം പുറത്തുവന്ന ദമ്പതികൾ പിന്നീട് വീണ്ടും വാടകവീട്ടിൽ താമസം ആരംഭിക്കുകയായിരുന്നു. ഇതിനിടെയാണ് രണ്ടു വയസ്സുകാരൻ മരിച്ചത്. മുൻപ് മറ്റൊരു കുഞ്ഞും മരിച്ച സാഹചര്യത്തിൽ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



