‘ ചോറ് ഇങ്ങും കൂറ് അങ്ങും നിലപാട്, ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്തണം’..

സംസ്ഥാനത്തെ മദ്യനയ രൂപീകരണ ചർച്ചകൾ പുരോഗമിക്കവെ സർക്കാരിനെ വെട്ടിലാക്കുന്ന തരത്തിൽ തീരുമാനങ്ങളെടുക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി വേണമെന്ന് കെസിബിസി മദ്യവിരുദ്ധസമിതി ആവശ്യപ്പെട്ടു. ബേക്കറികൾ വഴി 15 ശതമാനം വീര്യമുള്ള ഹോർട്ടി വൈൻ വിൽപ്പന നടത്താനുള്ള വിവാദ തീരുമാനം തടഞ്ഞ സംസ്ഥാന സർക്കാർ നടപടിയെ സമിതി അഭിനന്ദിച്ചു.

ചില ഉദ്യോഗസ്ഥർക്ക് “ചോറ് ഇങ്ങും കൂറ് അങ്ങും” എന്ന നിലപാടാണുള്ളതെന്നും, സർക്കാരിൻ്റെ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച് ജനങ്ങൾക്കിടയിൽ അമർഷം ഉണ്ടാക്കാൻ ശ്രമിക്കുന്ന ഇത്തരം ഉദ്യോഗസ്ഥരെ തലസ്ഥാനത്തുനിന്നും എക്സൈസ് വകുപ്പിൻ്റെ നിർണായക ചുമതലകളിൽ നിന്നും അടിയന്തരമായി നീക്കം ചെയ്യണമെന്നും സമിതി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ബേക്കറികൾ, സൂപ്പർമാർക്കറ്റുകൾ എന്നിവ വഴി വൈൻ വിൽപ്പന നടത്താനുള്ള നീക്കം വലിയ പ്രതിഷേധങ്ങൾക്കാണ് വഴിതെളിച്ചത്. എക്സൈസ് മന്ത്രിയോ മുഖ്യമന്ത്രിയോ അറിയാതെ ഉദ്യോഗസ്ഥതലത്തിൽ എടുത്ത തീരുമാനമാണ് ഇതെന്ന വാർത്തകൾ പുറത്തുവന്നതോടെ, ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകുകയായിരുന്നു. സാധാരണക്കാർ എത്തുന്ന ബേക്കറികൾ പോലെയുള്ള സ്ഥാപനങ്ങളിലൂടെ മദ്യലഭ്യത വർധിപ്പിക്കുന്നത് സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കെബിസിസി മദ്യവിരുദ്ധസമിതി ചൂണ്ടിക്കാട്ടി. ജനക്ഷേമകരമായ മദ്യനയം നടപ്പിലാക്കാൻ ശ്രമിക്കുന്ന സർക്കാരിൻ്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നാണ് സമിതിയുടെ ആവശ്യം.

Related Articles

Back to top button