ഗ്രേറ്റർ നോയ്ഡയിൽ അഞ്ചംഗ കുടുംബത്തിന്റെ മരണത്തിൽ നിർണായക വഴിത്തിരിവ്..

ഗ്രേറ്റർ നോയ്ഡയിൽ മാതാപിതാക്കളും മൂന്ന് മക്കളുമടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അത്താഴമായി കഴിച്ച നൂഡിൽസിൽനിന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന പ്രാഥമിക നിഗമനത്തിനാണ് അന്വേഷണത്തിൽ മാറ്റമുണ്ടായിരിക്കുന്നത്. ഗൃഹനാഥൻ ഭക്ഷണത്തിൽ മനഃപൂർവം വിഷം കലർത്തിയതിനെ തുടർന്നാണ് കുടുംബാംഗങ്ങൾ മരിച്ചതെന്നാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നാഗ്ല ശ്രീ പദം ഗ്രാമത്തിൽ താമസിച്ചിരുന്ന മഹേഷ് (37), ഭാര്യ ലളിത (35), മക്കളായ ലഡ്ഡു (11), മിശ്തി (7), സാക്ഷാത് (3) എന്നിവരെയാണ് ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങളിൽ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. എല്ലാവരുടെയും വായിൽ നിന്ന് പത വന്നിരുന്നു. തുടക്കത്തിൽ ഭക്ഷ്യവിഷബാധയാകാമെന്നാണ് സംശയിച്ചിരുന്നത്. ഫുഡ് സേഫ്റ്റി അധികൃതരുടെ പ്രാഥമിക പരിശോധനയിൽ ഇത് സ്ഥിരീകരിച്ചിരുന്നില്ല. ശനിയാഴ്ച രാവിലെ മഹേഷിന്റെ രണ്ട് കുട്ടികൾക്കൊപ്പം സ്കൂളിൽ പോകാൻ വിളിക്കാൻ അയൽവാസിയായ കുട്ടി എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അടഞ്ഞുകിടന്ന വീട് തുറക്കാഞ്ഞതിനെ തുടർന്ന് കുട്ടി മതിലിന് മുകളിലൂടെ അകത്തേക്ക് കയറി. ഈ സമയത്ത് അഞ്ച് പേരും അനക്കമില്ലാതെ കിടക്കുകയായിരുന്നു. മഹേഷും ഒരു കുട്ടിയും കട്ടിലിലും ബാക്കി മൂന്ന് പേരും മറ്റൊരു കിടക്കയിൽ തറയിലുമാണ് കിടന്നിരുന്നത്.
വെള്ളിയാഴ്ച രാത്രി കുടുംബം അത്താഴമായി നൂഡിൽസ് കഴിച്ചിരുന്നു. ഇതിൽനിന്നുണ്ടായ ഭക്ഷ്യവിഷബാധയാകാം മരണകാരണമെന്നായിരുന്നു ആദ്യഘട്ടത്തിലെ നിഗമനം. സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ ഭക്ഷണത്തിന്റെ പാക്കറ്റിൽനിന്നോ മറ്റ് രേഖകളിൽനിന്നോ ഉൽപ്പന്നത്തിന്റെ കാലാവധി കഴിഞ്ഞതാണെന്ന് സ്ഥിരീകരിക്കാനായിരുന്നില്ല. തുടർന്നുള്ള അന്വേഷണത്തിലാണ് നൂഡിൽസിൽ മഹേഷ് വിഷം കലർത്തിയതാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയതെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ മഹേഷിന്റെ മൊബൈൽ ഫോണിൽനിന്ന് കണ്ടെടുത്ത ഓഡിയോ സന്ദേശമാണ് അന്വേഷണത്തിൽ നിർണായകമായ മറ്റൊരു വിവരം. തന്റെ രണ്ട് സഹോദരിമാരും അവരുടെ ഭർത്താക്കന്മാരുമാണ് മരണത്തിന് കാരണക്കാരെന്ന് മഹേഷ് സന്ദേശത്തിൽ ആരോപിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആരോപണവിധേയരായ നാലുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, കുടുംബസ്വത്തുമായി ബന്ധപ്പെട്ട് മഹേഷിന്റെ ബന്ധുക്കൾക്കിടയിൽ ദീർഘകാലമായി തർക്കം നിലനിന്നിരുന്നതായും വിവരം പുറത്തുവന്നിട്ടുണ്ട്. മഹേഷിന്റെ സഹോദരന്റെ ഭാര്യ നീരജാണ് ഇക്കാര്യം ആരോപിച്ചത്. തന്റെ ഭർത്താവിന്റെ മരണശേഷം തന്നെ കുടുംബത്തിൽനിന്ന് പുറത്താക്കിയെന്നും അവർ വെളിപ്പെടുത്തി.




