എംഎസ്‌സി കപ്പൽ ദുരന്തത്തിന്റെ മറവിൽ വൻ തട്ടിപ്പ്… കടൽത്തീരത്ത് പ്ലാസ്റ്റിക് നർഡിൽസ്…

തിരുവനന്തപുരം: എംഎസ്‌സി കപ്പൽ ദുരന്തത്തിന്റെ മറവിൽ വൻ തട്ടിപ്പിന് ശ്രമം നടന്നതായി ആരോപണം. പരിസ്ഥിതിക്ക് ഭീഷണിയായ പ്ലാസ്റ്റിക് നർഡിൽസ് കടൽത്തീരത്ത് വിതറി, പിന്നീട് അവ നീക്കം ചെയ്യുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ പേരിൽ പണം തട്ടാനാണ് ശ്രമമെന്നാണ് ആരോപണം. സ്വകാര്യ ഏജൻസിയായ മെർക്ക് കമ്പനിയിലെ ജീവനക്കാരൻ തിരുവനന്തപുരം വേളി ബീച്ചിൽ പ്ലാസ്റ്റിക് നർഡിൽസ് വിതറുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പ്രാദേശിക മത്സ്യത്തൊഴിലാളികൾ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തായത്.

സംഭവത്തിൽ ലത്തീൻ കത്തോലിക്ക ഐക്യവേദി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. കടൽത്തീരത്തുനിന്ന് നേരത്തേ ശേഖരിച്ച് നീക്കം ചെയ്ത നർഡിൽസ് വീണ്ടും തീരത്ത് വിതറി ശുചീകരണ പ്രവർത്തനങ്ങൾ തുടരാനാണ് ശ്രമിച്ചതെന്നാണ് ആരോപണം. പാടത്ത് വിത്ത് വിതയ്ക്കുന്നതുപോലെ വേളി ബീച്ചിലൂടെ നടന്നുപോകുന്ന തൊഴിലാളി പ്ലാസ്റ്റിക് നർഡിൽസ് വിതറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കഴിഞ്ഞ കുറച്ചുനാളുകളായി ഇത്തരം തട്ടിപ്പ് നടന്നുവരുന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം മെയിൽ കേരള തീരത്ത് മുങ്ങിയ എംഎസ്‌സി കപ്പലിലെ 630-ഓളം കണ്ടെയ്‌നറുകൾ കടലിൽ പതിച്ചിരുന്നു. പിന്നാലെ കപ്പലിൽ നിന്നുള്ള പ്ലാസ്റ്റിക് നർഡിൽസ് തീരങ്ങളിൽ അടിഞ്ഞുകൂടി. ഇവ വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്ക ഉയർന്നതോടെയാണ് തീരങ്ങളിൽ നിന്ന് നർഡിൽസ് നീക്കം ചെയ്യാനുള്ള ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ശുചീകരണത്തിനായി മെർക്ക് എന്ന കമ്പനിക്കാണ് കരാർ നൽകിയിരുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങളിൽ രണ്ട് സൂപ്പർവൈസർമാർ ഉൾപ്പെടെ ഒൻപത് ജീവനക്കാർ വീതമുള്ള സംഘങ്ങളെ നിയോഗിച്ചു.

ആറുമുതൽ ഏഴുമാസത്തിനുള്ളിൽ തീരങ്ങളിൽ നിന്ന് പ്ലാസ്റ്റിക് നർഡിൽസ് നീക്കം ചെയ്യാൻ കഴിഞ്ഞിരുന്നുവെന്നാണ് വിവരം. എന്നാൽ, ശുചീകരണ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോകുന്നതിനായി നേരത്തേ ശേഖരിച്ച് മാറ്റിയ നർഡിൽസ് വീണ്ടും തീരത്ത് വിതറുകയായിരുന്നുവെന്നാണ് ആരോപണം. ഒരാഴ്ച മുമ്പ് വർക്കലയിലെ വെട്ടൂർ ഭാഗത്ത് പുലർച്ചെ മൂന്നുമണിയോടെ കാറിൽ ചാക്കുകളിലാക്കി കൊണ്ടുവന്ന നർഡിൽസ് വിതറാൻ ശ്രമം നടന്നതായും റിപ്പോർട്ടുണ്ട്. തുടർന്ന് പ്രദേശവാസികളും വർക്കല നഗരസഭയും ഇടപെട്ടു. പിന്നാലെയാണ് ശംഖുമുഖം, വേളി തീരങ്ങളിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. ഭക്ഷണത്തിന് പുറമേ 1,400 രൂപയാണ് ഇവിടെ ജോലി ചെയ്തിരുന്നവർക്ക് ലഭിച്ചിരുന്നതെന്നാണ് വിവരം. ശുചീകരണ പ്രവർത്തനങ്ങളുടെ മറവിൽ കോടികളുടെ തട്ടിപ്പ് നടന്നിട്ടുണ്ടാകാമെന്നാണ് ആരോപണം.

Related Articles

Back to top button