ശബരിമല സീസണിൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ…. സ്റ്റേഷൻ സന്ദർശിച്ച് സുരേഷ് ഗോപി

കോട്ടയം: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി കോട്ടയം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. ഇത്തവണ കൂടുതൽ തീർത്ഥാടകർ എത്താൻ സാധ്യതയുള്ളതിനാൽ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താൻ കേന്ദ്ര റെയിൽവേ മന്ത്രിയുടെ നിർദേശപ്രകാരമാണ് സന്ദർശനമെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല സീസണിനായി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള ജോലികൾ റെയിൽവേ നേരത്തെ ആരംഭിച്ചിട്ടുണ്ട്.
കൂടുതൽ റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തുമെന്നും തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണനയിലുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ചെങ്ങന്നൂർ ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷനുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തും. ശബരിമലയിലേക്ക് തീർത്ഥാടകരെ എത്തിക്കാൻ അനുയോജ്യമായ റെയിൽപാതകൾ ഒരുക്കുമെന്നും അങ്കമാലി–ശബരി റെയിൽപാതയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തിൽ എയിംസ് സ്ഥാപിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. എയിംസ് കേരളത്തിൽ വരരുതെന്ന് ആഗ്രഹിക്കുന്നവർ ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



