നെടുമ്പാശ്ശേരി അപകടക്കേസ് പ്രതി മുമ്പും അപകടമുണ്ടാക്കി… ആലപ്പുഴയിലെ പഴയ വാഹനാപകടം വീണ്ടും…

ആലപ്പുഴ: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകടക്കേസിലെ പ്രതി സുഹൈൽ സജീവ് മുമ്പും അപകടമുണ്ടാക്കിയിരുന്നുവെന്ന് സൂചന. 2025ൽ ആലപ്പുഴ മംഗലത്ത് അമിതവേഗത്തിലെത്തിയ ചുവന്ന മിനി കൂപ്പർ കാർ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറിയ സംഭവത്തിൽ സുഹൈലും സുഹൃത്തുക്കളും ഉൾപ്പെട്ടിരുന്നുവെന്നാണ് സംശയം.
KL 13 AR 0007 എന്ന നമ്പറിലുള്ള മിനി കൂപ്പറാണ് അന്ന് അപകടത്തിൽപ്പെട്ടത്. അപകടത്തിനുശേഷം യുവാക്കൾ ഇതേ കാറുമായി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായാണ് വിവരം. അപകടത്തിൽപ്പെട്ട മിനി കൂപ്പറിന്റെ ചിത്രങ്ങൾ സുഹൈൽ സജീവിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. അന്ന് ആലപ്പുഴയിലെ രാഷ്ട്രീയ നേതൃത്വം ഇടപെട്ട് കേസ് ഒത്തുതീർപ്പാക്കിയെന്നാണ് ആരോപണം. പൊലീസ് സ്ഥലത്തെത്തിയെങ്കിലും കേസെടുക്കാതെ യുവാക്കളെ സ്റ്റേഷനിൽനിന്ന് വിട്ടയച്ചതായും പറയുന്നു. സുഹൈൽ നേരത്തെയും അപകടങ്ങളിൽ ഉൾപ്പെട്ടിരുന്നോ എന്ന സംശയത്തെ തുടർന്നാണ് പഴയ സംഭവം വീണ്ടും ചർച്ചയാകുന്നത്.
അതേസമയം, നെടുമ്പാശ്ശേരി അപകടക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉടൻ വിധി പറയും. മുഖ്യപ്രതി സുഹൈൽ സജീവിന്റെ മാതാപിതാക്കളുടെ മൊഴിയും ഉടൻ രേഖപ്പെടുത്തും. നെടുമ്പാശ്ശേരി അപകടവുമായി ബന്ധപ്പെട്ട് ബാറുകളോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് എക്സൈസ് കമ്മിഷണർ സീറാം സാംബശിവ റാവു അറിയിച്ചു. വിശദീകരണം ലഭിച്ചശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. അതുവരെ ബന്ധപ്പെട്ട ബാറുകൾ താൽക്കാലികമായി സസ്പെൻഡ് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.



