‘മോദിയെ അധിക്ഷേപിച്ചാൽ മാനനഷ്ടക്കേസ്… രാഹുലിനെക്കുറിച്ച് പറഞ്ഞാൽ കലാപാഹ്വാനം’…. ആർ. ശ്രീലേഖ

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ കേസെടുത്തതിനെ വിമർശിച്ച് ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. സർക്കാരിന്റേത് ഇരട്ടനീതിയാണെന്നാണ് ശ്രീലേഖയുടെ പ്രതികരണം. പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ മാനനഷ്ടക്കേസും രാഹുൽ ഗാന്ധിയെക്കുറിച്ച് പരാമർശിച്ചാൽ കലാപാഹ്വാനക്കേസുമാണെന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പിലൂടെയുള്ള വിമർശനം.
സർക്കാരിന്റെ ഇരട്ടനീതി! ആരെങ്കിലും പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചാൽ അത് പൊലീസിന് നേരിട്ട് എടുക്കാനാകാത്ത മാനനഷ്ടക്കേസ്. രാഹുൽ ഗാന്ധിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞു എന്ന് പരാതി കിട്ടിയാൽ അതിൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാനക്കേസ്!– എന്നാണ് ശ്രീലേഖ കുറിച്ചത്.
പുനലൂരിൽ ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് രാഹുൽ ഗാന്ധിക്കെതിരെ ശ്രീലേഖ വിവാദ പരാമർശം നടത്തിയത്. മയക്കുമരുന്ന് അമിതമായി ഉള്ളിൽച്ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ കാണിക്കുന്നതെന്നായിരുന്നു പരാമർശം. ഇതിനെതിരെ യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പുനലൂർ പൊലീസാണ് ശ്രീലേഖയ്ക്കെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 192-ാം വകുപ്പ് പ്രകാരം കലാപാഹ്വാനം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഒരു വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിതെന്നാണ് റിപ്പോർട്ട്. ജാമ്യം ലഭിക്കാവുന്ന കുറ്റവുമാണ്.



