തൃശൂരിൽ നിന്ന് കാണാതായ 15-കാരനെ കാസർകോട്ടെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ വേമ്പല്ലൂർ സ്കൂളിലെ വിദ്യാർഥിയാണ് ടി എം അബ്ദുൾ നിഹാൽ. ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് കാസർകോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ അബ്ദുൾ നിഹാലിനെ തൂങ്ങി മരിച്ച നിയലിയിൽ കണ്ടെത്തിയത്. ലോഡ്ജ് ജീവനക്കാരനാണ് പൊലീസിനെ വിവരം അറിയിച്ചത്. ബുധനാഴ്ച വൈകിട്ടാണ് നിഹാൽ ലോഡ്ജിൽ മുറിയെടുത്തത്. ഇന്നലെ വൈകിയും മുറിക്ക് പുറത്തേക്ക് നിഹാലിനെ കാണാതായതോടെയാണ് ജീവനക്കാർ വാതിൽ തുറന്ന് നോക്കിയത്.
ബുധനാഴ്ച രാവിലെ 6.45ഓടെ ട്യൂഷന് പോകുന്നും എന്ന് പറഞ്ഞാണ് നിഹാൽ വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് കുടുംബത്തിന് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തിരികെയെത്താതായതോടെ നിഹാലിനെ കാണാതായതായി കുടുംബം കൊടുങ്ങല്ലൂർ പൊലസീസിൽ പരാതി നൽകി.
മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന നടത്തിയിരുന്നു. അവസാനമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് കോഴിക്കോടായിരുന്നു. പിന്നീട് ട്രെയിൻമാർഗം കാസർകോട് എത്തി എന്നാണ് നിഗമനം. തിരിച്ചറിയൽ കാർഡിലെ വിവരങ്ങളിലൂടെയാണ് മരിച്ചത് നിഹാലെന്ന് സ്ഥിരീകരിച്ചത്.
നിഹാലിന്റെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കാസർകോട് ടൗൺ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




