ബൈക്കിൽ യാത്ര ചെയ്ത കുടുംബത്തെ തടഞ്ഞ് ആക്രമണം… യുവാവ് പിടിയിൽ

മലപ്പുറം: ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുൾപ്പെടെയുള്ള കുടുംബത്തെ വഴിയിൽ തടഞ്ഞ് ആക്രമിക്കുകയും തടയാനെത്തിയ മറ്റൊരാളെ മർദിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ഏഴൂർ സ്വദേശി പൊട്ടച്ചോലപ്പടി അജിത്ത് (30) ആണ് തിരൂർ പൊലീസിന്റെ പിടിയിലായത്. തിരൂർ വിഷുപ്പാടത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തെ പ്രതി ആക്രമിച്ചതായാണ് പരാതി. ആക്രമണം തടയാൻ ഇടപെട്ടയാളെയും ഇയാൾ മർദിച്ചതായി പൊലീസ് പറഞ്ഞു. ഇതിനിടെ ബൈക്ക് തകർക്കുകയും ചെയ്തു. സ്ത്രീയുടെ പരാതിയിൽ തിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അജിത്തിനെ പിടികൂടിയത്.

പ്രതിക്കെതിരെ നിരവധി അടിപിടിക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. രാത്രികാലങ്ങളിൽ സ്ത്രീകൾ യാത്ര ചെയ്യുമ്പോൾ മുന്നിലേക്ക് ചാടിവീണ് തടസ്സമുണ്ടാക്കുകയും അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായി പ്രതിക്കെതിരെ നാട്ടുകാർ ആരോപിച്ചു. ലഹരിക്ക് അടിമയായ പ്രതി ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടാറുണ്ടെന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചതായും വിവരമുണ്ട്. പൊതുസ്ഥലങ്ങളിൽ യാത്രക്കാരെ തടഞ്ഞുനിർത്തി ആക്രമിക്കുന്ന സംഭവങ്ങളിൽ കർശന നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. തിരൂർ ഇൻസ്‌പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐമാരായ അനുഷ, പി. മിഥുൻ, നസീർ തിരൂർക്കാട്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശശി, സിവിൽ പൊലീസ് ഓഫീസർമാരായ ആശിഷ്, ടോണി, അനന്തു, ദിൽജിത്ത്, പ്രദീപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി തിരൂർ സബ് ജയിലിലേക്ക് മാറ്റി.

Related Articles

Back to top button