ഡൽഹി പൊലീസിന്റെ കസ്റ്റഡി മർദ്ദനം… സുപ്രീംകോടതിയെ സമീപിക്കുമെന്ന്…

ന്യൂഡൽഹി: കൊണാട്ട് പ്ലേസിൽ പ്രതിഷേധത്തിനിടെ ഡൽഹി പൊലീസ് മർദ്ദിച്ചെന്നാരോപിച്ച് സുപ്രീം കോടതിയെ സമീപിക്കുമെന്ന് എ.എ. റഹീം എംപി. ഡിവൈഎഫ്ഐ ഭാരവാഹികളെയും പ്രവർത്തകരെയും നിയമവിരുദ്ധമായി തടഞ്ഞുവെച്ചെന്നും ക്രൂരമായ കസ്റ്റഡി മർദ്ദനത്തിന് ഇരയാക്കിയെന്നുമുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് ഹർജി നൽകുന്നത്. ഭരണഘടനയുടെ 32-ാം അനുച്ഛേദപ്രകാരമാണ് കോടതിയെ സമീപിക്കുന്നത്.
മുതിർന്ന അഭിഭാഷക അരുന്ധതി കട്ജു ഹർജിയിൽ ഹാജരാകും. അഡ്വക്കേറ്റ് ഓൺ റെക്കോർഡ് സുഭാഷ് ചന്ദ്രൻ കെ.ആർ. ആണ് ഹർജി ഫയൽ ചെയ്യുന്നത്. ഡിവൈഎഫ്ഐ പ്രവർത്തകർ സമാധാനപരമായി പ്രതിഷേധിക്കുന്നതിനിടെ പൊലീസ് റോഡിൽ നിന്ന് ബലമായി വലിച്ചിഴച്ച് ബസിൽ കയറ്റിയെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന് പകരം സിസിടിവി ക്യാമറകളില്ലാത്ത സ്ഥലത്തേക്കാണ് ബസ് പോയതെന്നും അവിടെ തടവിലാക്കിയവരെ ലിംഗഭേദമനുസരിച്ച് വേർതിരിച്ചെന്നും ആരോപണമുണ്ട്. പിന്നീട് മറയിട്ടതും പല അറകളുള്ളതുമായ വാഹനങ്ങളിലേക്ക് മാറ്റി മർദിച്ചെന്നാണ് ഹർജിയിൽ പറയുന്നത്. ഈ വാഹനങ്ങളെ ‘ചക്രങ്ങളിലുള്ള ഗ്വാണ്ടനാമോ ബേ’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
അറസ്റ്റ് മെമ്മോ തയ്യാറാക്കിയില്ലെന്നും കുടുംബാംഗങ്ങളെ വിവരമറിയിച്ചില്ലെന്നും തടവിലാക്കിയവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയോ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയോ ചെയ്തില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും തടങ്കൽ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും പ്രതിഷേധങ്ങൾക്കിടെ കസ്റ്റഡിയിലെടുക്കുന്ന നടപടികൾക്ക് കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടും. സമാധാനപരമായ പ്രതിഷേധക്കാരെ നിയമവിരുദ്ധമായി തടഞ്ഞുവെക്കരുതെന്ന് സുപ്രീംകോടതി ഇടക്കാല നിർദേശം നൽകിയതിന് പിന്നാലെയാണ് പുതിയ നീക്കം. അതേസമയം, പൊലീസ് നടപടികളെക്കുറിച്ചുള്ള ആരോപണങ്ങളിൽ കോടതിയുടെ അന്തിമ കണ്ടെത്തൽ ഉണ്ടായിട്ടില്ല.



