‘ബ്രിട്ടീഷുകാരെക്കാൾ ക്രൂരമായ ഇടപെടൽ’…… ഡൽഹി പൊലീസിനെതിരെ…..

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന പ്രതിഷേധ മാർച്ചിനിടെ പിണറായി വിജയൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കളോട് ഡൽഹി പൊലീസ് അതിക്രൂരമായി പെരുമാറിയെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ബ്രിട്ടീഷ് ഭരണകൂടം പോലും ചെയ്യാത്ത രീതിയിലാണ് പൊലീസ് പ്രതിഷേധക്കാരോട് ഇടപെട്ടതെന്ന് അദ്ദേഹം ആരോപിച്ചു. മൂന്നര മണിക്കൂറോളം ഭക്ഷണവും മരുന്നും നൽകാതെ പിണറായി വിജയനെ പൊലീസ് വാഹനത്തിൽ നഗരം ചുറ്റിച്ചെന്നും എം.എ. ബേബി പറഞ്ഞു. നാല് മുൻ മുഖ്യമന്ത്രിമാരെയാണ് പൊലീസ് ഈ രീതിയിൽ നേരിട്ടതെന്നും അദ്ദേഹം ആരോപിച്ചു.

പ്രതിഷേധം ഇന്നും ശക്തമായി തുടരുമെന്നും യോഗം ചേർന്ന് ചർച്ച ചെയ്യുന്നതിനപ്പുറം തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ് വേണ്ടതെന്നും ബേബി വ്യക്തമാക്കി. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായും ഒറ്റയ്ക്കും സിപിഎം പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിക്കാനെത്തിയപ്പോഴാണ് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ പത്തരയോടെ കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ മൂന്നര മണിക്കൂറോളം വാഹനത്തിൽ നഗരം ചുറ്റിച്ച ശേഷമാണ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചതെന്നാണ് റിപ്പോർട്ട്. ഏകദേശം എട്ട് മണിക്കൂറിന് ശേഷമാണ് പിണറായി വിജയനെ പൊലീസ് വിട്ടയച്ചത്. പ്രതിഷേധ മാർച്ചിനിടെയുണ്ടായ പൊലീസ് നടപടിക്കെതിരെ സിപിഎം നേതാക്കൾ വിമർശനം ഉന്നയിച്ചു.

Related Articles

Back to top button