ഹോട്ടലിൽ അതിക്രമിച്ചുകയറി ചില്ല് തകർത്തു… യുവതിയെ ആക്രമിച്ച കേസിൽ…

കോഴിക്കോട്: കുന്ദമംഗലത്ത് ഹോട്ടലിൽ അതിക്രമിച്ചുകയറി ചില്ലുകൾ തകർക്കുകയും യുവതിയെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന കേസിൽ പ്രതി അറസ്റ്റിൽ. കോരക്കണ്ടി വീട്ടിൽ ഉണ്ണികൃഷ്ണൻ (39) ആണ് കുന്ദമംഗലം പൊലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ മാസം 9ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. കുന്ദമംഗലം പാലക്കൽ റസ്റ്റോറന്റിൽ ബില്ലിങ് സ്റ്റാഫായി ജോലി ചെയ്യുന്ന തൃശൂർ സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

റസ്റ്റോറന്റിലേക്ക് അതിക്രമിച്ചുകയറിയ പ്രതി ബാഗിൽ സൂക്ഷിച്ചിരുന്ന കല്ലെടുത്ത് മുൻവശത്തെ ചില്ല് തകർക്കുകയും അകത്തെ സാധനസാമഗ്രികൾ നശിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. പൊട്ടിയ ചില്ലുമായി യുവതിയുടെ കഴുത്തിന് നേരെ വീശി കൊലപ്പെടുത്താൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കുന്ദമംഗലം പൊലീസ് പ്രതിയെ കുന്ദമംഗലത്തുനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുന്ദമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button