ലൈംഗിക പീഡന പരാതി: കോൺഗ്രസ് എംപിയെ ജെഎൻയു പിരിച്ചുവിട്ടു

ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പിന്നാലെ ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) പ്രഫസറും കോൺഗ്രസ് എംപിയുമായ അങ്ഗോംച ബിമോൽ അകോയിജാമിനെ പിരിച്ചുവിട്ടു. സർവകലാശാലയുടെ ആഭ്യന്തര സമിതി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടി. വൈസ് ചാൻസലർ ശാന്തിശ്രീ ഡി. പണ്ഡിറ്റ് ഒപ്പിട്ട പിരിച്ചുവിടൽ ഉത്തരവും പുറത്തുവന്നു.

പരാതികൾ പരിശോധിച്ച ആഭ്യന്തര സമിതി പ്രഫസർക്കെതിരെ കർശനമായ ശിക്ഷാനടപടി ശുപാർശ ചെയ്തതായി സർവകലാശാല അറിയിച്ചു. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചും ലഭ്യമായ വസ്തുതകൾ വിശദമായി പരിശോധിച്ചുമാണ് പിരിച്ചുവിടൽ തീരുമാനമെടുത്തതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

അകോയിജാമിനെതിരെ 11 വിദ്യാർഥികളാണ് ലൈംഗിക പീഡന പരാതി നൽകിയതെന്നാണ് റിപ്പോർട്ട്. പരാതികളിൽ നടപടി ആവശ്യപ്പെട്ട് അഖില ഭാരതീയ വിദ്യാർഥി പരിഷത്ത് (എബിവിപി) രംഗത്തെത്തിയിരുന്നു. നാലുമാസം മുമ്പ് സർവകലാശാലയുടെ ആഭ്യന്തര സമിതിക്ക് പരാതി നൽകിയിട്ടും നടപടിയെടുക്കാൻ വൈകിയതിനെ സംഘടന വിമർശിച്ചിരുന്നു.

അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ അകോയിജാം നേരത്തേ നിഷേധിച്ചിരുന്നു. പരാതികൾ തന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കാനുള്ള ശ്രമമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജെഎൻയുവിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിന് കീഴിലുള്ള സെന്റർ ഫോർ ദി സ്റ്റഡി ഓഫ് സോഷ്യൽ സിസ്റ്റംസിലായിരുന്നു അകോയിജാമിന്റെ അധ്യാപക ജോലി. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മണിപ്പൂരിലെ ഇന്നർ മണിപ്പൂർ മണ്ഡലത്തിൽനിന്ന് വിജയിച്ചാണ് അദ്ദേഹം പാർലമെന്റിലെത്തിയത്.

Related Articles

Back to top button