ധീരജ് വധക്കേസ്: വിചാരണയ്ക്ക് ഹാജരായില്ല; മൂന്നാം പ്രതി ടോണി തേക്കിലക്കാടന്റെ ജാമ്യം റദ്ദാക്കി

ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം ധീരജ് രാജേന്ദ്രൻ വധക്കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചതിന് പിന്നാലെ നിർണായക നടപടി. വിചാരണയ്ക്കായി കോടതിയിൽ ഹാജരാകാതിരുന്ന കേസിലെ മൂന്നാം പ്രതി ടോണി തേക്കിലക്കാടന്റെ ജാമ്യം മുട്ടം അഡീഷണൽ സെഷൻസ് കോടതി റദ്ദാക്കി. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനും നിർദേശം നൽകി. കൊലപാതകം നടന്ന് നാലര വർഷത്തിന് ശേഷമാണ് കേസിൽ വിചാരണ നടപടികൾ ആരംഭിച്ചത്.
ഇടുക്കി എൻജിനീയറിങ് കോളേജിലെ വിദ്യാർഥിയായിരുന്ന ധീരജ് രാജേന്ദ്രൻ 2022 ജനുവരി ഒന്നിനാണ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ കൊല്ലപ്പെട്ടത്. കേസിൽ യൂത്ത് കോൺഗ്രസ്–കെഎസ്യു പ്രവർത്തകരായ നിഖിൽ പൈലി, ജെറിൻ ജോജോ, ടോണി തേക്കിലക്കാടൻ, നിധിൻ ലൂക്കോസ്, ജിതിൻ ഉപ്പുമാക്കൽ, സോയിമോൻ സണ്ണി, ജസിൻ ജോയ്, അലൻ ബേബി എന്നിവരാണ് പ്രതികൾ.
കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതികൾ വിചാരണക്കോടതിയിലും ഹൈക്കോടതിയിലും നൽകിയ അപ്പീലുകൾ തള്ളിയതിന് പിന്നാലെയാണ് വിചാരണ നടപടികൾ ആരംഭിച്ചത്. ആദ്യദിവസം കേസിലെ ഒന്നാം സാക്ഷിയായ അഭിജിത്തിന്റെ വിസ്താരം പൂർത്തിയാക്കി.
അതേസമയം, ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒന്നാം പ്രതി നിഖിൽ പൈലി കോടതിയിൽ ഹാജരായില്ല. മൂന്നാം പ്രതിയായ ടോണി തേക്കിലക്കാടൻ ഹാജരാകാതിരുന്നതിനുള്ള കാരണം ബോധ്യപ്പെടുത്താനും അദ്ദേഹത്തിന്റെ അഭിഭാഷകന് സാധിച്ചില്ല. ഇതോടെയാണ് കോടതി ടോണിയുടെ ജാമ്യം റദ്ദാക്കിയത്. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി മജിസ്ട്രേറ്റ് നിർദേശം നൽകി.
വിചാരണ നടപടികൾ വൈകുന്നതിനെതിരെ നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ഇനി നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനാണ് ശ്രമം.



