ആന്റോ അഗസ്റ്റിൻ അബ്കാരി കേസ്… ഭാര്യാമാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ…

കൽപ്പറ്റ: ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസിൽ ഭാര്യാമാതാവ് ലില്ലി ജോസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി തള്ളി. നിലവിൽ കേസിൽ ലില്ലി ജോസ് പ്രതിയല്ലെന്ന സാഹചര്യം പരിഗണിച്ചാണ് കോടതി ഹർജി നിരസിച്ചത്. അതേസമയം, കേസിന്റെ അന്വേഷണത്തിനിടെ ഭാവിയിൽ ലില്ലി ജോസിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുകയാണെങ്കിൽ, നോട്ടീസ് നൽകിയശേഷം മാത്രമേ അറസ്റ്റ് നടപടികളിലേക്ക് കടക്കാവൂ എന്നും കോടതി നിർദേശിച്ചു. പ്രതിഭാഗം അഭിഭാഷകൻ ഉന്നയിച്ച ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലുള്ള വീട്ടിൽനിന്ന് അനധികൃത മദ്യം പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് ലില്ലി ജോസ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. വാഴവറ്റയിലെ വീട് തന്റെ പേരിലുള്ളതല്ലെന്നും ലില്ലി ജോസിന്റെ പേരിലാണ് വീടെന്നും ആന്റോ അഗസ്റ്റിൻ നേരത്തെ വിചാരണക്കോടതിയിലും ഹൈക്കോടതിയിലും വാദിച്ചിരുന്നു. ബാങ്കിന്റെ ജപ്തി നടപടികൾക്ക് ശേഷമാണ് വീട് ലില്ലി ജോസിന് നൽകിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. കേസന്വേഷണത്തിന്റെ ഭാഗമായി ലില്ലി ജോസിന്റെ മൊഴിയെടുക്കാനായിരുന്നു എക്സൈസ് സംഘം ആദ്യം തീരുമാനിച്ചിരുന്നത്. മൊഴിയെടുക്കുന്നതിനായി ഉദ്യോഗസ്ഥർ പലതവണ വീട്ടിലെത്തിയെങ്കിലും ലില്ലി ജോസിനെ കണ്ടെത്താനായില്ല. തുടർന്നാണ് അറസ്റ്റ് ഭയന്നുള്ള മുൻകരുതലായി ലില്ലി ജോസ് മുൻകൂർ ജാമ്യത്തിനായി ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്. എന്നാൽ, കേസിൽ നിലവിൽ പ്രതിയല്ലെന്ന കാരണത്താൽ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഭാവിയിൽ പ്രതിയാക്കുന്ന സാഹചര്യമുണ്ടായാൽ നോട്ടീസ് നൽകിയ ശേഷമേ അറസ്റ്റ് പാടുള്ളൂ എന്ന നിർദേശവും കോടതി നൽകി.



