ബിജെപി എംഎൽഎയുടെ ബംഗ്ലാവ് കഴുകാൻ ഫയർഫോഴ്സ് വാഹനം

ഗുജറാത്തിൽ ഫയർഫോഴ്സ് വാഹനം ഉപയോഗിച്ച് ബിജെപി എംഎൽഎയുടെ ബംഗ്ലാവ് കഴുകിയതായി ആക്ഷേപം. ദഹോദ് ജില്ലയിലെ ധൻപൂർ മണ്ഡലം എംഎൽഎ ആയ ബച്ചുഭായ് ഖബാദിനെതിരെയാണ് വ്യാപക വിമർശനം ഉയർന്നിരിക്കുന്നത്. ദേവ്ഗഢ് ബാരിയ മുൻസിപ്പാലിറ്റിയുടെ ഫയർ എൻജിൻ ഉപയോഗിച്ച് എംഎൽഎയുടെ ബംഗ്ലാവും പരിസരവും വെള്ളം പമ്പ് ചെയ്ത് വൃത്തിയാക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തുവന്നതും വിമർശനങ്ങൾ ഉയർന്നതും.
ബംഗ്ലാവിന്റെ പുറംഭാഗം കഴുകാനാണ് ഫയർ എഞ്ചിൻ എത്തിയതെന്നാണ് ആരോപണം. അതേസമയം എംഎൽഎയുടെ ഫോൺ കോളിനെ തുടർന്നാണ് ഫയർ എഞ്ചിൻ അയച്ചതെന്നും സ്ഥലത്തെത്തിയപ്പോഴാണ് ബംഗ്ലാവ് കഴുകാനാണെന്ന് ജീവനക്കാർ മനസിലാക്കിയതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അടിയന്തര സാഹചര്യമെന്ന് കരുതിയാണ് ഫയർ എഞ്ചിൻ അയച്ചത്. സംഭവമറിഞ്ഞയുടൻ പ്രവർത്തനം നിർത്തിവച്ചെന്നും ദേവ്ഗഢ് ബാരിയ മുൻസിപ്പൽ ചെയർപേഴ്സൺ ഘമേഷ് കലാൽ പ്രതികരിച്ചു. എംഎൽഎയിൽ നിന്നും 2,700 രൂപ പിഴ ഈടാക്കിയതായും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.




