രണ്ടാഴ്ചയ്ക്കകം സർട്ടിഫിക്കറ്റ് നൽകണം… റാപ്പർ വേടന് ഹൈക്കോടതിയുടെ….

കൊച്ചി: സംഗീത പരിപാടികൾ അവതരിപ്പിക്കുന്നതിനായി യുകെയിലേക്കും അയർലൻഡിലേക്കും യാത്ര തിരിക്കുന്ന പ്രശസ്ത റാപ്പർ ഹിരൺ ദാസ് മുരളിക്ക് (വേടൻ) പ്രത്യേക പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) നൽകാൻ ഹൈക്കോടതി നിർദേശം. കേസ് വിവരങ്ങളും കോടതി ഉത്തരവുകളും സമഗ്രമായി പരിശോധിച്ച് പിസിസി നൽകാനാണ് റീജനൽ പാസ്‌പോർട്ട് ഓഫിസറോട ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. വിവിധ കേസുകളിൽ പ്രതിയായതിനാൽ പാസ്‌പോർട്ട് അധികൃതർ പിസിസി അനുവദിക്കാതിരുന്നതിനെ ചോദ്യം ചെയ്താണ് വേടൻ ഹൈക്കോടതിയെ സമീപിച്ചത്.

പ്രതിക്കെതിരെ ക്രിമിനൽ കേസുകൾ ഉള്ളതിനാൽ പ്രതികൂലമായ പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ടാണ് ലഭിച്ചതെന്നും, അതിനാൽ പ്രത്യേക പിസിസി മാത്രമേ അനുവദിക്കാനാകൂവെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ക്രിമിനൽ കേസിൽ പ്രതിയായതുകൊണ്ട് മാത്രം ഒരാൾക്ക് വിദേശ യാത്രയ്ക്കുള്ള അവകാശം പൂർണ്ണമായി ഇല്ലാതാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസ് പരിഗണിക്കുന്ന കോടതിയുടെ അനുമതിയോടെ വിദേശത്തേക്ക് പോകാൻ അർഹതയുണ്ടെന്ന മുൻ ഉത്തരവും കോടതി പരിഗണിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രത്യേക പിസിസി അനുവദിക്കാൻ ജസ്റ്റിസ് മുരളി പുരുഷോത്തമൻ ഉത്തരവിട്ടു. എന്നാൽ, ബന്ധപ്പെട്ട വിചാരണക്കോടതിയുടെ മുൻകൂർ അനുമതി നേടിയ ശേഷമേ രാജ്യം വിട്ടുപോകാവൂ എന്നും ഹൈക്കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ രണ്ട് ലൈംഗികാതിക്രമ കേസുകളിലും ഒരു ലഹരിമരുന്ന് കേസിലുമാണ് വേടൻ പ്രതിയായിട്ടുള്ളത്. ഇതിനിടയിലാണ് സംഗീത പരിപാടികൾക്കായി വിദേശയാത്ര നടത്താൻ കോടതിയുടെ ഭാഗത്തുനിന്നും ഇളവ് ലഭിച്ചിരിക്കുന്നത്.

Related Articles

Back to top button