58 മാർക്കിന്റെ ഉത്തരങ്ങൾ മൂല്യനിർണയം ചെയ്തില്ല… പിഎസ്‌സിക്കെതിരെ ഹൈക്കോടതി

കൊച്ചി: ആസൂത്രണ ബോർഡ് പരീക്ഷയിലെ ക്രമക്കേട് ആരോപണത്തിൽ പിഎസ്‌സിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. 58 മാർക്കിന്റെ ഉത്തരങ്ങൾ മൂല്യനിർണയം ചെയ്യാതിരുന്നത് പ്രത്യക്ഷ അഴിമതിയല്ലേയെന്നും പിഎസ്‌സി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ രാജ്യത്ത് സംവിധാനമുണ്ടാകേണ്ടതില്ലേയെന്നും കോടതി ചോദിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം ചോദ്യം ചെയ്ത് പിഎസ്‌സി നൽകിയ റിട്ട് ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശങ്ങൾ.

58 മാർക്കിന്റെ ഉത്തരങ്ങൾ മൂല്യനിർണയം ചെയ്യാതിരുന്നത് ഗുരുതരമായ ആരോപണമാണെന്നും കോടിക്കണക്കിന് ഉദ്യോഗാർഥികളുടെ പ്രതീക്ഷയാണ് പിഎസ്‌സിയെന്നും കോടതി ചൂണ്ടിക്കാട്ടി. ആസൂത്രണ ബോർഡിലെ ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയിൽ ആകെ 228 ഉത്തരക്കടലാസുകളാണ് പരിശോധിക്കേണ്ടിയിരുന്നത്. ഇതിൽ പത്ത് ചോദ്യങ്ങൾക്ക്, ആകെ 58 മാർക്കിന്, മൂല്യനിർണയം നടന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തെ ഉദ്യോഗസ്ഥരുടെ ക്ലറിക്കൽ പിഴവായി മാത്രം ന്യായീകരിക്കാനാകില്ലെന്ന് സർക്കാർ കോടതിയിൽ വാദിച്ചു. ഇത് നൂതനമായ തട്ടിപ്പാണെന്നും എങ്ങനെയാണ് ഇത്തരമൊരു വീഴ്ച ക്ലറിക്കൽ മിസ്റ്റേക്ക് ആകുന്നതെന്നും സാമാന്യബുദ്ധിക്ക് നിരക്കാത്തതാണെന്നും സർക്കാർ വ്യക്തമാക്കി.

പിഎസ്‌സി ചെയർമാൻ ഉൾപ്പെടെയുള്ളവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും 180ലേറെ പരാതികൾ പിഎസ്‌സിക്കെതിരെ ലഭിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. അന്വേഷണവുമായി സഹകരിക്കാത്തത് എന്തുകൊണ്ടാണെന്ന് പിഎസ്‌സിയോട് കോടതി ചോദിച്ചു. നോട്ടീസ് നൽകിയിട്ടും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുന്നില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് പോകണമെന്നും കോടതി സർക്കാരിനോട് നിർദേശിച്ചു. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള ധാർമിക ഉത്തരവാദിത്തം പിഎസ്‌സി അധികൃതർക്കുണ്ടെന്നും യുവതലമുറയുടെ പ്രതീക്ഷ സംരക്ഷിക്കപ്പെടണമെന്നും കോടതി പറഞ്ഞു. അതേസമയം, ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഭരണഘടനാപരമായ സ്വയംഭരണ സ്ഥാപനമായ പിഎസ്‌സിക്കെതിരെ ഉദ്യോഗസ്ഥർക്കും അംഗങ്ങൾക്കുമെതിരായ പ്രോസിക്യൂഷൻ നടപടികൾക്ക് സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നാണ് പിഎസ്‌സിയുടെ വാദം.

Related Articles

Back to top button