സർക്കാർ ആശുപത്രികളിലെ മരുന്നില്ലേ? യഥാർത്ഥ കണക്ക് തേടി ആരോഗ്യമന്ത്രി

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിനുള്ള മരുന്നില്ലെന്ന പരാതികൾ സജീവമായതോടെ വിഷയത്തിൽ ഇടപെട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ. സർക്കാർ ആശുപത്രികളിലെ മരുന്ന് ലഭ്യത സംബന്ധിച്ച് കൃത്യവും യഥാർത്ഥവുമായ കണക്കുകൾ അടങ്ങിയ റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും മരുന്ന് ലഭ്യത നിരീക്ഷിക്കുന്നതിനായി പ്രത്യേക സമിതികൾ രൂപീകരിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. അഡീഷണൽ ഡി എം ഒയോ ഡെപ്യൂട്ടി ഡി എം ഒയോ ആയിരിക്കും ഈ ജില്ലാതല സമിതിയുടെ കൺവീനറായി പ്രവർത്തിക്കുക. രേഖകളിൽ മാത്രം മരുന്ന് സ്റ്റോക്ക് ഉണ്ടെന്ന് കാണിക്കുന്നതിനപ്പുറം രോഗികൾക്ക് അത് കൃത്യമായി ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയാണ് പ്രധാനമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതിനായി ജില്ലാതല സമിതികൾ എല്ലാ ആഴ്ചയും ഫാർമസികളിലും സ്റ്റോറുകളിലും നേരിട്ട് പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കണം. ഔദ്യോഗിക രേഖകളിലുള്ള കണക്കുകളും ഫീൽഡിലെ യഥാർത്ഥ ലഭ്യതയും തമ്മിൽ ഒത്തുപോകുന്നുണ്ടോ എന്ന് നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്താനാണ് സമിതിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.



