മുസ്ലിം മതന്യൂനപക്ഷങ്ങളെ ചേർത്തുപിടിക്കുന്നതാണ് സിപിഎം… നന്ദകുമാറിന്റെ പരാമർശം പാർട്ടി നിലപാടല്ല…

തിരുവനന്തപുരം: മലപ്പുറം ജില്ലയെക്കുറിച്ച് സിപിഎം നേതാവ് പി. നന്ദകുമാർ നടത്തിയ വിവാദ പരാമർശം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നന്ദകുമാറിന്റെ പരാമർശം പാർട്ടി നിലപാടല്ലെന്നും മുസ്ലിം മതന്യൂനപക്ഷങ്ങളെ ചേർത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. മലപ്പുറത്തിനെതിരെ വർഗീയമായ പരാമർശങ്ങൾ സിപിഎം നടത്താറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഐതിഹാസിക പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ മണ്ണാണ് മലപ്പുറമെന്നും ആ പോരാട്ടത്തിൽ മുസ്ലിം, ഹിന്ദു ഉൾപ്പെടെ എല്ലാ വിഭാഗങ്ങളും പങ്കെടുത്തിരുന്നുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

മലപ്പുറത്തെ രാഷ്ട്രീയ ബലാബലത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ജമാഅത്തെ ഇസ്ലാമിയുടെയും ലീഗിന്റെയും ആശയതലത്തെ വർഗീയ നിലപാടായി വിമർശിക്കുന്നതാകാം ഉദ്ദേശിച്ചതെന്നും, അത് രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചാണെന്നും മലപ്പുറം ജില്ലയെക്കുറിച്ചല്ലെന്നും എം.വി. ഗോവിന്ദൻ വിശദീകരിച്ചു. കഴിഞ്ഞ ദിവസമാണ് പൊന്നാനി മുൻ എംഎൽഎയും സിപിഎം നേതാവുമായ പി. നന്ദകുമാർ വിവാദ പരാമർശം നടത്തിയത്. സിപിഎം മലപ്പുറം ജില്ലാ വിപുലീകൃത കമ്മിറ്റി യോഗത്തിലെ സ്വാഗതപ്രസംഗത്തിനിടെ മലപ്പുറം ‘മതമൗലിക വർഗീയവാദികളുടെ കൂടാണ്’ എന്നായിരുന്നു നന്ദകുമാർ പറഞ്ഞത്. പിണറായി വിജയൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വേദിയിലിരിക്കെയായിരുന്നു പരാമർശം.

പരാമർശത്തിനെതിരെ പ്രതിഷേധം ഉയർന്നതിനിടെയാണ് സംസ്ഥാന സെക്രട്ടറി തന്നെ നന്ദകുമാറിന്റെ നിലപാട് പാർട്ടി നിലപാടല്ലെന്ന് വ്യക്തമാക്കിയത്. അതേസമയം, നന്ദകുമാർ ഇതുവരെ പരാമർശം പിൻവലിക്കുകയോ തിരുത്തിപ്പറയുകയോ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണത്തെയും സിപിഎം സ്വാഗതം ചെയ്യുന്നതായി എം.വി. ഗോവിന്ദൻ പറഞ്ഞു. ഏത് പാർട്ടി ഭരിച്ച കാലത്തെയായാലും ഗ്യാനേഷ് കുമാറിനെതിരായ കേസുകൾ അന്വേഷിക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.

Related Articles

Back to top button