വാൽപാറ ദുരന്തം: ആറുമാസമായിട്ടും ഫൈനൽ ചാർജ് ഷീറ്റില്ല…. ഇൻഷുറൻസ് നടപടികളും…

പെരിന്തൽമണ്ണ: പത്ത് പേരുടെ മരണത്തിനിടയാക്കിയ വാൽപാറ ബസ് അപകടത്തിൽ തമിഴ്നാട് പൊലീസ് ഇതുവരെ ഫൈനൽ ചാർജ് ഷീറ്റ് സമർപ്പിച്ചില്ല. പൊലീസ് രേഖകൾ ലഭിക്കാത്തതിനെ തുടർന്ന് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ലഭിക്കേണ്ട ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടെയുള്ള നടപടികൾ സ്തംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏപ്രിൽ 17നാണ് വാൽപാറയിലേക്കുള്ള 13-ാം ഹെയർപിൻ വളവിൽ അപകടമുണ്ടായത്. പൊള്ളാച്ചിക്കടുത്തുള്ള കാടമ്പാറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്. ഇതുസംബന്ധിച്ച കേസും ഇവിടെ തന്നെയാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്കൂൾ പ്രധാനാധ്യാപിക അജിത (54), അധ്യാപകരായ റംല (52), സുഹറ (43), ആശ (41), അബ്ദുൽ മജീദ് (43), മജീദിന്റെ ഭാര്യ റുഖിയ (39), സുഹറയുടെ മകൻ ഹിഷാം (12), പാചകത്തൊഴിലാളി സാജിത (45), പാങ്ങ് ജിയുപി സ്കൂൾ അധ്യാപിക ഷക്കീല (37), ഡ്രൈവർ നൗഷാദലി (39) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇൻഷുറൻസ് പരിരക്ഷയില്ലാത്ത ബസ് ഡ്രൈവർ നൗഷാദലി, പാചകത്തൊഴിലാളി സാജിത, റുഖിയ, വിദ്യാർഥിയായ ഹിഷാം എന്നിവരുടെ കുടുംബങ്ങൾക്ക് ഇതിനകം സർക്കാർ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. എന്നാൽ മറ്റ് നടപടികൾക്ക് പൊലീസ് രേഖകൾ ആവശ്യമായതിനാൽ ഇൻഷുറൻസ് നഷ്ടപരിഹാരമടക്കമുള്ള കാര്യങ്ങൾ മുന്നോട്ടുപോകുന്നില്ല.

തമിഴ്നാട്ടിലെ ഭരണ മാറ്റവും ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമാണ് ചാർജ് ഷീറ്റ് തയ്യാറാക്കുന്നത് വൈകുന്നതിന് കാരണമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെയും മരിച്ചവരുടെ ബന്ധുക്കളുടെയും മൊഴി പോലും തമിഴ്നാട് പൊലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് കുടുംബങ്ങളുടെ ആരോപണം. അപകടം നടന്ന് ആറുമാസത്തിനകം ചാർജ് ഷീറ്റ് കോടതിയിൽ സമർപ്പിക്കണമെന്നാണ് നിയമനടപടിക്രമം. ഈ സമയപരിധി അവസാനിക്കാൻ ഇനി രണ്ടാഴ്ച മാത്രമാണ് ബാക്കിയുള്ളത്. വിഷയത്തിൽ അധികൃത കേന്ദ്രങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് കുറുവ പഞ്ചായത്ത് പ്രസിഡന്റ് പാലത്തിങ്ങൽ സലാം അറിയിച്ചു. ഇൻഷുറൻസ് നഷ്ടപരിഹാരത്തിനായി മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിനെ സമീപിക്കുന്നതിനും ഫൈനൽ ചാർജ് ഷീറ്റ് ഉൾപ്പെടെയുള്ള പൊലീസ് രേഖകൾ ആവശ്യമാണ്. രേഖകൾ വൈകുന്നത് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ നഷ്ടപരിഹാര നടപടികളെയും ബാധിക്കുകയാണ്.

Related Articles

Back to top button