അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം

കുറവിലങ്ങാട്: വൈദ്യുതാഘാതമേറ്റ് അറ്റകുറ്റപ്പണിക്കായി വൈദ്യുത തൂണിൽ കയറിയ ലൈൻമാന് ദാരുണാന്ത്യം. കുറവിലങ്ങാട് കെഎസ്ഇബി സെക്ഷനിലെ ലൈൻമാൻ കൂത്താട്ടുകുളം ഒലിയപ്പുറം ആലുങ്കൽ വീട്ടിൽ വിനോദ് ജോർജ് ആണ് മരിച്ചത്. 50 വയസായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് തോട്ടുവ കാളിയാർതോട്ടം ഭാഗത്ത് അപകടമുണ്ടായത്.
വൈദ്യുത തൂണിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെ ഷോക്കേറ്റ വിനോദ് താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ സഹപ്രവർത്തകർ ചേർന്ന് അദ്ദേഹത്തെ കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അറ്റകുറ്റപ്പണികൾക്കിടെ വൈദ്യുതി പ്രവാഹം എങ്ങനെ ഉണ്ടായെന്നത് സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. സംഭവത്തിൽ കെഎസ്ഇബി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



