ചന്ദനത്തിരിയിൽ നിന്നൊരു തീപ്പൊരി… യുവതിക്കും 2 വയസുകാരി മകൾക്കും

സൗദി അറേബ്യയിലെ ബുറൈദയിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തെ തുടർന്ന് പുക ശ്വസിച്ച് മരിച്ച തമിഴ്നാട് സ്വദേശികളായ അമ്മയുടെയും രണ്ടുവയസുകാരിയായ മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. ചെന്നൈ സ്വദേശിനിയായ ജയഭാരതി (37), മകൾ കാർത്തിക ശ്രീ (2) എന്നിവരാണ് മരിച്ചത്.
ജൂലൈ 21നായിരുന്നു നാടിനെ നടുക്കിയ ദുരന്തം. മരണത്തിന് ഒരാഴ്ച മുൻപാണ് സന്ദർശക വീസയിൽ ജയഭാരതിയും മകളും ബുറൈദയിലെത്തിയത്. ഇവിടെ ജോലി ചെയ്യുന്ന ഭർത്താവ് ഗോകുൽ രാജിനെ കാണാനായിരുന്നു യാത്ര.
ബുറൈദയിലെ സഫറിന് സമീപമുള്ള താമസസ്ഥലത്ത് രാത്രി ഉറങ്ങുന്നതിനിടെയായിരുന്നു അപകടം. ചന്ദനത്തിരിയിൽനിന്ന് വീണ തീപ്പൊരി കാർപെറ്റിൽ പതിച്ച് തീപിടിച്ചതായാണ് വിവരം. തീ വലിയ തോതിൽ പടർന്നില്ലെങ്കിലും മുറിയിൽ പുക നിറഞ്ഞതോടെ ഇരുവരും പുക ശ്വസിച്ച് മരണപ്പെടുകയായിരുന്നു.
അപകടസമയത്ത് ഗോകുൽ രാജ് തൊട്ടടുത്ത മുറിയിൽ ജോലി കഴിഞ്ഞെത്തി ഉറങ്ങുകയായിരുന്നു. പുകയുടെ ഗന്ധം അനുഭവപ്പെട്ട് ഉണർന്നപ്പോഴാണ് ഭാര്യയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ത്യൻ എംബസിയുടെയും ബുറൈദയിലെ കനിവ് ജീവകാരുണ്യ വിഭാഗത്തിന്റെയും ഇടപെടലിനെ തുടർന്ന് ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയാണ് മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ചത്. റിയാദിൽനിന്ന് എയർ ഇന്ത്യ വിമാനത്തിൽ ചെന്നൈ വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി.
പ്രവാസികളുടെ താമസസ്ഥലങ്ങളിലും വീടുകളിലും ചെറിയ അശ്രദ്ധ പോലും വലിയ ദുരന്തങ്ങൾക്ക് കാരണമാകാമെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക പ്രവർത്തകർ മുന്നറിയിപ്പ് നൽകി. തീപിടിത്തത്തിന് സാധ്യതയുള്ള വസ്തുക്കൾ ഉപയോഗിക്കുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കണമെന്നും സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.



