‘10 ലക്ഷം തന്നില്ലെങ്കിൽ കൊടി കുത്തും’… സിപിഐഎം കൗൺസിലർക്കെതിരെ

തിരുവനന്തപുരം: തൃക്കണ്ണാപുരത്ത് സ്ഥലം വാങ്ങിയ വ്യക്തിയോട് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ സിപിഐഎം കൗൺസിലർ അജിനെതിരെ ആരോപണം. പണം നൽകിയില്ലെങ്കിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ ഉപയോഗിച്ച് സ്ഥലത്ത് കൊടി കുത്തിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരൻ ആരോപിച്ചു.
പണം ആവശ്യപ്പെടുന്നതിന്റെ വീഡിയോയും ഓഡിയോയും പരാതിക്കാരൻ പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതിക്കാരൻ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, ആരോപണം സിപിഐഎം കൗൺസിലർ അജിൻ നിഷേധിച്ചു. താൻ ആരുടെയെങ്കിലും കൈയിൽ നിന്ന് ഒരു രൂപ പോലും കൈക്കൂലി വാങ്ങിയെന്ന് തെളിയിച്ചാൽ ഉടൻ തന്നെ രാജിവയ്ക്കാൻ തയ്യാറാണെന്ന് അജിൻ പ്രതികരിച്ചു.
സംഭവത്തിൽ അജിൻ രാജിവെച്ച് നിയമനടപടി നേരിടണമെന്ന് കോൺഗ്രസ് കൗൺസിലർ കെ.എസ്. ശബരീനാഥൻ ആവശ്യപ്പെട്ടു. അജിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് മേധാവിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരം ദുരുപയോഗം ചെയ്ത് വസ്തു ഉടമയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് ഗൗരവമുള്ള വിഷയമാണെന്നും ഇത്തരം പ്രവണതകൾ ധാർമികമായോ നിയമപരമായോ അംഗീകരിക്കാനാകില്ലെന്നും കെ.എസ്. ശബരീനാഥൻ പറഞ്ഞു.




