മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണ കേസ്… ആന്റോ അഗസ്റ്റിനെ വീണ്ടും…

കൊച്ചി: മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ആന്റോ അഗസ്റ്റിനെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിക്കും. ഇന്നലെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തെങ്കിലും മൊഴിയിൽ വ്യക്തതക്കുറവുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. രണ്ട് യുവാക്കൾ ഓഫീസിലെത്തി വിവാഹവുമായി ബന്ധപ്പെട്ട രേഖകൾ മൊബൈൽ ഫോണിലേക്ക് അയച്ചുനൽകിയെന്നാണ് ആന്റോ അഗസ്റ്റിന്റെ മൊഴി.

റെയ്ഡിനിടെ പൊലീസ് ഈ മൊബൈൽ ഫോൺ പിടിച്ചെടുത്തതായും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. കോൺഗ്രസ് നേതാവ് രാജു പി. നായർ നൽകിയ പരാതിയിലാണ് ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ആന്റോ എത്തിയിരുന്നില്ല. അഞ്ചാം തീയതിക്ക് ശേഷം ഹാജരാകാമെന്ന് ആന്റോ അറിയിച്ചെങ്കിലും ഇന്നലെ തന്നെ ഹാജരാകണമെന്ന നിലപാടിലായിരുന്നു പൊലീസ്. ഹാജരായില്ലെങ്കിൽ കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന പൊലീസ് മുന്നറിയിപ്പിനെ തുടർന്നാണ് ആന്റോ അഗസ്റ്റിൻ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായത്. വിവാഹവുമായി ബന്ധപ്പെട്ട രേഖകളുമായി ഓഫീസിലെത്തിയെന്ന് പറയുന്ന രണ്ട് യുവാക്കൾ ആരാണെന്നും ഇവർക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്നും കണ്ടെത്തേണ്ടതുണ്ട്. കേസിൽ രണ്ടും മൂന്നും പ്രതികൾ അജ്ഞാതരാണെന്നാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ആന്റോ അഗസ്റ്റിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.

Related Articles

Back to top button