റിസോർട്ടിലെ കൊലപാതകം: ജിത്തു സജി മുൻപും ലഹരിമരുന്ന് കേസുകളിൽ ഉൾപ്പെടെ പ്രതിയെന്ന്…..

കോഴഞ്ചേരി: മാരാമണിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റ് ട്രെയിനി ദിൻഷ ഷാജിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജിത്തു സജി മുൻപും നിരവധി കേസുകളിൽ പ്രതിയെന്ന് പൊലീസ്. കീഴുകര വെണ്ണപ്രപാറ സ്വദേശി ജിത്തു സജിക്കെതിരെ ആറന്മുള, ചേർത്തല പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ലഹരിമരുന്ന് ഉപയോഗിച്ച കേസിൽ ചെങ്ങന്നൂർ സ്റ്റേഷനിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
ജിത്തു തന്നെ ശല്യം ചെയ്യുന്നതായി ദിൻഷ പിതാവിനോട് പറഞ്ഞിരുന്നതായി പിതൃസഹോദരൻ എം.ആർ. മൊയ്തീൻ ഷാ പറഞ്ഞു. ഇക്കാര്യം നേരത്തെ അറിഞ്ഞിരുന്നെങ്കിൽ പൊലീസിനെ അറിയിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവദിവസം വീട്ടിലേക്ക് എത്തുമെന്ന് ദിൻഷ അറിയിച്ചിരുന്നതായും അടുത്തിടെ പിതാവ് പുതിയ ഫോൺ വാങ്ങിനൽകിയിരുന്നതായും മൊയ്തീൻ ഷാ പറഞ്ഞു. ദിൻഷയുമായി 10 മാസത്തെ പരിചയമുണ്ടെന്നാണ് ജിത്തു പൊലീസിനോട് പറഞ്ഞത്. കോഴഞ്ചേരിയിൽ ജിത്തു ജോലി ചെയ്തിരുന്ന സ്ഥലത്തിന് സമീപം ഏവിയേഷൻ കോഴ്സ് പഠിക്കാനെത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് മൊഴി. ദിൻഷ ഉപയോഗിച്ചിരുന്ന സിം കാർഡ് ജിത്തുവാണ് എടുത്തുനൽകിയതെന്നും പൊലീസ് പറയുന്നു. ദിൻഷ സുഹൃത്തുക്കളുമായി സംസാരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴിയെന്ന് പൊലീസ് അറിയിച്ചു.
കൊലപാതകത്തിന് ശേഷം ജീവനൊടുക്കാൻ ജിത്തു ആലോചിച്ചിരുന്നെങ്കിലും റിസോർട്ട് ജീവനക്കാർ പിടികൂടിയതോടെ ശ്രമം ഉപേക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്തുനിന്ന് കോയിപ്രം പൊലീസ് കസ്റ്റഡിയിലെടുത്ത ജിത്തുവിനെ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ കോടതിയിൽ അപേക്ഷ നൽകുമെന്ന് ഡിവൈഎസ്പി പി.ആർ. സന്തോഷ് അറിയിച്ചു. ദിൻഷ ഷാജിയുടെ കബറടക്കം ഇന്നലെ രാത്രി നടന്നു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.



