ഒന്നര വയസുകാരന്റെ മരണം… ആരോഗ്യ വകുപ്പിന്റെ വിദഗ്ധ സമിതി റിപ്പോർട്ടിൽ….

കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ ചികിത്സാ പിഴവ് ഉണ്ടായെന്ന് സംസ്ഥാന തല വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സയിൽ ഗുരുതര വീഴ്ചയുണ്ടെന്ന് കണ്ടെത്തിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് തുടർനടപടികൾ ശക്തമാക്കിയിരിക്കുകയാണ്.
കൂടുതൽ ഡോക്ടർമാരെ കേസിൽ പ്രതി ചേർക്കണോയെന്ന കാര്യത്തിൽ പൊലീസ് ഉടൻ തീരുമാനമെടുക്കും. നിലവിൽ അനസ്തീഷ്യ നൽകിയ ഡോക്ടറെ മാത്രമാണ് പ്രതി ചേർത്തിട്ടുള്ളതെങ്കിലും, പീഡിയാട്രിഷ്യൻ, പ്ലാസ്റ്റിക് സർജൻ എന്നിവരെക്കൂടി പ്രതി ചേർക്കണമെന്നാണ് കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം. വീണ് ചുണ്ടിന് മുറിവേറ്റ കുട്ടിക്ക് സ്റ്റിച്ച് ഇടാൻ അനസ്തീഷ്യ നൽകിയതിന് പിന്നാലെ ബോധരഹിതനാവുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ജൂലൈ 10-നാണ് കുട്ടി മരിച്ചത്. വിഷയത്തിൽ ആദ്യം അന്വേഷണം നടത്തിയ ജില്ലാതല വിദഗ്ധ സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും ചികിത്സാ പിഴവ് നടന്നിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു.



