സംസ്ഥാനത്ത് പനിബാധയും ഇൻഫ്ലുവൻസ മരണങ്ങളും വർധിക്കുന്നു… ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് പനി കേസുകളിലും ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണത്തിലും വർധന. ഈ മാസം ഇതുവരെ 20 ഇൻഫ്ലുവൻസ മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഇതുവരെ 11,021 പേർക്ക് ഇൻഫ്ലുവൻസ ബാധിക്കുകയും 119 പേർ മരിക്കുകയും ചെയ്തുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ഇൻഫ്ലുവൻസ കേസുകൾ 6,182 ഉം മരണങ്ങൾ 40-ഉം ആയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം ഇൻഫ്ലുവൻസ മരണം ഇരട്ടിയായി വർധിച്ച സാഹചര്യത്തിൽ ശക്തമായ പ്രതിരോധ നടപടികളുമായി മുന്നോട്ട് പോകാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, ശനിയാഴ്ച തൊഴിലിടങ്ങളിലും, ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കണം. ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, ചെടിച്ചട്ടിയുടെ അടിയിലെ പാത്രങ്ങൾ, വെള്ളത്തിൽ വളർത്തുന്ന അലങ്കാരച്ചെടി പാത്രങ്ങൾ, ഉപയോഗിക്കാത്ത ക്ലോസെറ്റുകൾ എന്നിവയിൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. ഉപയോഗശൂന്യമായ പാത്രങ്ങൾ, ചിരട്ട, കുപ്പികൾ എന്നിവ വലിച്ചെറിയാതെ നശിപ്പിക്കുക. ടെറസ്, സൺഷേഡ്, റൂഫിന്റെ പാത്തി തുടങ്ങിയവയിൽ വെള്ളം കെട്ടിനിൽക്കാതെ സൂക്ഷിക്കണം. വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും ടാങ്കുകളും മൂടിവെക്കുക. കൊതുകുകടി ഏൽക്കാതിരിക്കാൻ വ്യക്തിഗത മുൻകരുതലുകൾ സ്വീകരിക്കുക. രണ്ടാമതും ഡെങ്കിപ്പനി ബാധിച്ചാൽ രോഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

പനി വന്നാല്‍ എന്തൊക്കെ ശ്രദ്ധിക്കണം…

  • പനി, ശരീരവേദന, ജലദോഷം ലക്ഷണങ്ങൾ അവഗണിക്കരുത്, ഇൻഫ്ലുവൻസയാകാം, ശ്രദ്ധ വേണം.
  • ഇൻഫ്ലുവൻസ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം, സ്വയം ചികിത്സ പാടില്ല.
  • രോഗലക്ഷണങ്ങളുണ്ടെങ്കിൽ പൂർണ്ണവിശ്രമം.
  • ധാരാളം വെള്ളം കുടിയ്ക്കണം.
  • രോഗമുണ്ടെങ്കിൽ മാസ്ക് ധരിക്കുക. പ്രതിരോധശേഷി കുറഞ്ഞവരും മാസ്ക് ധരിക്കുക.
  • പ്രായമായവരെയും കുട്ടികളെയും പ്രത്യേകം ശ്രദ്ധിക്കുക.
  • പനിയുള്ള കുട്ടികളെ സ്കൂളുകളിലേക്ക് അയക്കരുത്.
  • മരുന്ന് കഴിക്കാൻ മടിക്കരുത്.

Related Articles

Back to top button