ആക്രി ലോറിക്ക് തീപിടിച്ച് എയർ ടാങ്ക് പൊട്ടിത്തെറിച്ചു… ഡ്രൈവർ…

കോഴിക്കോട്: കൈവേലിയിൽ നിന്ന് ഒറ്റപ്പാലത്തേക്ക് ആക്രി സാധനങ്ങളുമായി പോകുകയായിരുന്ന ലോറിക്ക് തീപിടിച്ചു. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ കക്കട്ടിൽ ടൗണിനടുത്ത് വെച്ചാണ് സംഭവം നടന്നത്. കൈവേലി റോഡിൽനിന്ന് കക്കട്ടിൽ ടൗണിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ഇലക്ട്രിക് ലൈനിൽ തട്ടിയാണ് ആക്രി സാധനങ്ങളിലേക്ക് തീപടർന്നത്. അപകടം തിരിച്ചറിഞ്ഞ ഉടൻ തന്നെ ഡ്രൈവർ വാഹനം നിർത്തി പുറത്തിറങ്ങിയത് വൻ ദുരന്തം ഒഴിവാക്കി. എങ്കിലും ലോറി പൂർണമായും കത്തിനശിച്ചു.
തീപിടിത്തത്തെ തുടർന്ന് വാഹനത്തിന്റെ എയർ ടാങ്ക് പൊട്ടിത്തെറിച്ച് വാഹനം നിരങ്ങിനീങ്ങിയത് പ്രദേശത്ത് വലിയ പരിഭ്രാന്തി പരത്തി. ലോറിയിൽനിന്ന് പൊട്ടിത്തെറിച്ചു വീണ തീപ്പൊരിയിൽ നിന്ന് റോഡിന് സമീപം ഹരിത കർമ്മസേന ശേഖരിച്ചുവെച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്കും തീപിടിച്ചു. നാദാപുരം അഗ്നിരക്ഷാസേന സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ലൈജു ഐസക്കിന്റെ നേതൃത്വത്തിൽ എത്തിയ രണ്ട് യൂണിറ്റ് സേന അരമണിക്കൂർ കൊണ്ടാണ് തീ പൂർണ്ണമായും അണച്ചത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ആദർശ് വി.കെ, സുദീപ് എസ്.ഡി, ശികിലേഷ് കെ.കെ, ലിനീഷ് മര്യാട്, രാകേഷ് പി.കെ, അഖിൽ എൻ.കെ, അഖിലേഷ്, ശ്രീരൂപ്, ഹോം ഗാർഡ് ഷിനു പി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.



