‘മകളേ, നീ അങ്കിള്‍ എന്നു വിളിച്ചിരുന്ന അയാള്‍ ഇനിയൊരിക്കലും’…. പത്തുവയസുകാരിക്ക് ജഡ്ജിയുടെ കത്ത്

ഡല്‍ഹി: പോക്‌സോ കേസിലെ അതിജീവിതയായ പത്തുവയസുകാരിക്ക് സാന്ത്വനമായി ഡല്‍ഹി രോഹിണിയിലെ പ്രത്യേക കോടതി ജഡ്ജി രജനി രംഗ എഴുതിയ കത്ത് ഏറെ ഹൃദയസ്പര്‍ശിയാകുന്നു. പെണ്‍കുട്ടിക്ക് ക്രൂരമായ പീഡനമേറ്റ സംഭവത്തിൽ പ്രതിയായ സുമിത് ശാക്യയ്ക്ക് കോടതി ജീവപര്യന്തം തടവുശിക്ഷയാണ് വിധിച്ചത്. ഇതിനിടയിലാണ് കുഞ്ഞിന് ധൈര്യം പകർന്നുകൊണ്ട് ജഡ്ജി കത്തെഴുതിയത്.

ഏഴ് വയസ്സുള്ളപ്പോഴാണ് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായത്. ഈ ദുരനുഭവങ്ങളെ അതിജീവിച്ച കൊച്ചുപെണ്‍കുട്ടിയെ ‘ധീരതയുടെ പ്രതീകം’ എന്ന് വിശേഷിപ്പിച്ചാണ് ന്യായാധിപ കത്തെഴുതിയത്. ‘മോളേ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ജഡ്ജി എഴുതിയ വരികൾ കോടതി മുറിയിലുണ്ടായിരുന്നവരെയും പിന്നീട് വാർത്ത വായിച്ചവരെയും ഒരുപോലെ കണ്ണീരിലാഴ്ത്തുന്നതായിരുന്നു. നീതി തേടിയുള്ള യാത്രയിൽ കുട്ടി കാണിച്ച ആത്മവിശ്വാസത്തെയും ധൈര്യത്തെയും കോടതി പ്രത്യേകം അഭിനന്ദിച്ചു.

ജഡ്ജിയുടെ കത്തിന്റെ പൂർണരൂപം…

‘മകളേ, നീ അങ്കിള്‍ എന്നു വിളിച്ചിരുന്ന അയാള്‍ ഇനിയൊരിക്കലും സ്വതന്ത്രനായി പുറത്തിറങ്ങി നടക്കരുതെന്നു വിധിച്ചിരിക്കുന്നു. വാര്‍ധക്യംവരെ അയാള്‍ തടവറയിലായിരിക്കും. അതിനുള്ളില്‍ കിടന്നു മരിക്കും. പിന്നെയോ നിന്റെ കുഞ്ഞനുജത്തിയെയോ മറ്റൊരു കുട്ടിയെയോ ഉപദ്രവിക്കാന്‍ അയാള്‍ ഇനി വരില്ല. ഈ കോടതി കണ്ടതിലുവെച്ച് ഏറ്റവും ധൈര്യശാലിയാണ് നീ. പേടിച്ചു മിണ്ടാതിരുന്നില്ല, ഉപദ്രവിച്ചയാളെ ചൂണ്ടിക്കാട്ടി നീ സത്യം പറഞ്ഞു. നഷ്ടപ്പെട്ട നിന്റെ ബാല്യം തിരിച്ചു നല്‍കാനാകില്ല. പക്ഷേ ഒന്നുറപ്പു തരാം, നിന്നെ വേദനിപ്പിച്ചയാള്‍ ഇനി സ്വതന്ത്രനായി സൂര്യോദയം കാണില്ല. ഇനി നീ സ്‌കൂളില്‍ പോകണം. കൂട്ടുകാരെ കണ്ടെത്തണം. ചിരിക്കണം. സ്വപ്നങ്ങളില്‍ മുഴുകണം. നിന്റെ ധൈര്യം ഈ കോടതി എന്നുമോര്‍ക്കും’.

Related Articles

Back to top button