മാസപ്പടി കേസിൽ പിണറായിക്കും റിയാസിനുമെതിരെ ഉടൻ കേസെടുക്കാനാകില്ലെന്ന്…

കൊച്ചി: മാസപ്പടി അഴിമതി ആരോപണങ്ങളിൽ പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനുമെതിരെ പ്രാഥമിക അന്വേഷണം നടത്താതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാകില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാത്തതിനെ ചോദ്യം ചെയ്ത് അഭിഭാഷകൻ കെ.എം. ഷാജഹാൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
ഇ.ഡി നൽകിയ തെളിവുകളിൽ പ്രധാനമായും ഒരു ഡയറിയാണുള്ളതെന്നും ഡയറിയുടെ മാത്രം അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാകില്ലെന്നും അഡ്വക്കേറ്റ് ജനറൽ കോടതിയിൽ വാദിച്ചു. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമേ കേസെടുക്കാൻ കഴിയൂവെന്നും ഹർജി നിലനിൽക്കില്ലെന്നും സർക്കാർ വാദിച്ചു. എന്നാൽ ഡയറി മാത്രമല്ല, മൊഴികളും മറ്റ് വിവരങ്ങളും ഹാജരാക്കിയിട്ടില്ലേയെന്ന് കോടതി ചോദിച്ചു. പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് ഇ.ഡി നൽകിയ കത്തും കോടതിയിൽ ഹാജരാക്കി. മൊഴിപ്പകർപ്പ് ഉൾപ്പെടെയുള്ള തെളിവുകൾ ഇ.ഡി കോടതിയിൽ സമർപ്പിച്ചു. പൂർണമായ മൊഴിപ്പകർപ്പ് സർക്കാരിന് നൽകിയിട്ടില്ലെന്ന് ഇ.ഡി വ്യക്തമാക്കി.
എന്നാൽ പൊലീസ് ആവശ്യപ്പെട്ടാൽ മൊഴിപ്പകർപ്പ് നൽകാൻ തയ്യാറാണെന്നും കേസെടുക്കാൻ ആവശ്യമായ വിവരങ്ങൾ കത്തിൽ തന്നെയുണ്ടെന്നും ഇ.ഡി അറിയിച്ചു. ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇ.ഡി വ്യക്തമാക്കി. കേസെടുക്കണമെന്ന് ഇ.ഡി കോടതിയിൽ ആവർത്തിച്ചു. പൊലീസ് നടപടി സ്വീകരിക്കാത്ത പക്ഷം നേരിട്ട് കോടതിയെ സമീപിക്കാൻ അവകാശമുണ്ടെന്നും ഇ.ഡി വാദിച്ചു. അതേസമയം, ഇ.ഡി പൊലീസിനെപ്പോലെ അന്വേഷണ ഏജൻസിയല്ലെന്നും വിവരശേഖരണവും തുടർനടപടികളുമാണ് ഇ.ഡിയുടെ പരിധിയിലുള്ളതെന്നും സർക്കാർ വാദിച്ചു. എന്നാൽ ഇ.ഡി അന്വേഷണ ഏജൻസി തന്നെയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.




