മിൽമയ്ക്ക് എതിരെയുള്ളത് അടിസ്ഥാനരഹിത ആരോപണങ്ങൾ… മിൽമ ചെയർമാൻ

തിരുവനന്തപുരം: മിൽമക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാന രഹിതമാണെന്ന് ചെയർമാൻ കെ.എസ്. മണി. മലബാർ മിൽമ യൂണിയനെ പിരിച്ചുവിട്ടതിന് പിന്നിൽ വയനാട്ടിൽ തുടങ്ങുന്ന സ്വകാര്യ ഡയറി പ്രോജക്റ്റിന് വേണ്ടിയുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള നീക്കങ്ങളാണെന്ന് അദ്ദേഹം ആരോപിച്ചു. എറണാകുളം യൂണിയൻ പിരിച്ചു വിടാത്തത് രാഷ്ട്രീയ താൽപര്യങ്ങൾ കൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മിൽമയുടെ ഭാഗത്ത് യാതൊരു വീഴ്ചയോ കള്ളത്തരമോ ഉണ്ടായിട്ടില്ലെന്നും, ആരോപണങ്ങൾ ക്രൈംബ്രാഞ്ചോ വിജിലൻസോ അന്വേഷിക്കട്ടെയെന്നും കെ.എസ്. മണി വെല്ലുവിളിച്ചു. മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത് അപക്വമായ പ്രതികരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണസമിതിയെ പിരിച്ചുവിടുന്നത് നിയമാനുസൃതമായിട്ടായിരിക്കണം. സംഭവത്തിൽ ക്ഷീരവികസന വകുപ്പ് ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും, തുടർനടപടികളുടെ ഭാഗമായി നാളെ പൊതുയോഗം ചേരുമെന്നും മിൽമ ചെയർമാൻ വ്യക്തമാക്കി.



