എംഡിഎംഎയും കഞ്ചാവും ഹാഷിഷ് ഓയിലും… പൊലീസിന് നേരെ പെപ്പർ സ്പ്രേ പ്രയോഗം

പത്തനംതിട്ട: കലഞ്ഞൂരിൽ കാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി നാലംഗ സംഘം പിടിയിൽ. കഞ്ചാവ്, എം.ഡി.എം.എ, ഹാഷിഷ് ഓയിൽ എന്നിവയുമായി അടൂർ പഴകുളം സ്വദേശി ലൈജു, നൂറനാട് സ്വദേശികളായ ശ്യാം, അരുൺ, കിരൺ എന്നിവരെയാണ് ജില്ലാ ഡാൻസാഫ് ടീമും അടൂർ സബ് ഡിവിഷൻ ഡാൻസാഫ് ടീമും കൂടൽ പൊലീസും ചേർന്ന് പിടികൂടിയത്.
കലഞ്ഞൂർ കരിച്ചന്നൂരിലുള്ള ലൈജുവിന്റെ വാടകവീട്ടിൽ നിന്നും മയക്കുമരുന്ന് കാറിൽ കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരുമാസത്തോളമായി സംഘം പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കലഞ്ഞൂർ വലിയ പള്ളിക്ക് സമീപത്ത് വെച്ച് പ്രതികൾ സഞ്ചരിച്ച വാഹനത്തിന് കുറുകെ പൊലീസ് ജീപ്പ് നിർത്തി വാഹനം തടഞ്ഞാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഈ സമയത്ത് പ്രതികൾ പൊലീസിന് നേരെ പെപ്പർ സ്പ്രേ പ്രയോഗിക്കുകയുണ്ടായി.
കാറിൽ നടത്തിയ പരിശോധനയിൽ 400 ഗ്രാം കഞ്ചാവും, 13.508 ഗ്രാം എം.ഡി.എം.എയും, 2.303 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. പ്രധാന പ്രതിയായ ലൈജു നിരവധി മയക്കുമരുന്ന് കേസുകളിലും കാപ്പ കേസിലും പ്രതിയാണെന്നും കേരളത്തിലും ആന്ധ്രപ്രദേശിലും ഉൾപ്പെടെ മയക്കുമരുന്ന് കേസിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണെന്നും പൊലീസ് വ്യക്തമാക്കി. സംഘത്തിലെ മറ്റുള്ളവരും വിവിധ മയക്കുമരുന്ന് കേസുകളിൽ പ്രതികളാണ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.



