ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായക്കെതിരെ ഇഡി അന്വേഷണം

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചു. വൻതോതിൽ വിദേശ പണമിടപാട് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇഡിയുടെ ഇടപെടൽ. കേസിന്റെ പ്രാഥമിക റിപ്പോർട്ട് പോലീസ് ഇന്നലെ തന്നെ ഇഡിക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പ്രാഥമിക വിവരശേഖരണം ആരംഭിച്ചിരിക്കുന്നത്.
പാർവതി മായ പിടിയിലായതിന് പിന്നാലെ നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതുവരെ ഇവർക്കെതിരെ 300-ഓളം പരാതികളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. ഇതിനിടെ പൊന്നാനി സ്വദേശിയുടെ പരാതിയിൽ ഒരു എഫ്ഐആർ കൂടി പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതിയുമായി എത്തിയവരിൽ ചുരുക്കം ചിലർക്ക് പണം തിരികെ നൽകി പ്രശ്നം പരിഹരിക്കാനും ശ്രമം നടന്നിട്ടുണ്ട്. പ്രതി പാർവതി മായയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും വിദേശ പണമിടപാടുകളുടെ ഉറവിടം എവിടെയാണെന്നും ഇഡി വിശദമായി പരിശോധിക്കും.




