ട്രെയിൻ യാത്രക്കാരിയുടെ 25 ഗ്രാം സ്വർണമാല കവർന്നു… 22 വർഷത്തിന് ശേഷം…

ആലപ്പുഴ: ട്രെയിൻ യാത്രക്കാരിയുടെ 25 ഗ്രാം തൂക്കമുള്ള സ്വർണമാല മോഷ്ടിച്ച് 22 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. തിരുവനന്തപുരം കഠിനംകുളം തെരുവിൽ തൈവിള വീട്ടിൽ എ. സഫീർ (43) ആണ് കോഴിക്കോട് റെയിൽവേ പൊലീസിന്റെ പിടിയിലായത്. 2004 ജൂൺ 24നാണ് കേസിനാസ്പദമായ സംഭവം.

ചെന്നൈ എഗ്‌മോറിൽ നിന്ന് ട്രെയിനിൽ ആലപ്പുഴ വഴി അമ്പലപ്പുഴയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ സ്വർണമാല സഫീറും മറ്റ് രണ്ട് പേരും ചേർന്ന് കവർന്നെന്നാണ് കേസ്. അമ്പലപ്പുഴയിൽ ഇറങ്ങി രക്ഷപ്പെട്ട പ്രതികളെ പിന്നീട് പൊലീസ് പിടികൂടി കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ മൂന്നാം പ്രതിയായ സഫീർ വിദേശത്തേക്ക് കടന്നു. വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം കോഴിക്കോട് വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു. ഒരാഴ്ചയായി റെയിൽവേ പൊലീസ് സഫീറിനെ നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 22 വർഷമായി തുടരുന്ന കേസിലെ ഒളിവിലായിരുന്ന പ്രതിയെയാണ് ഇതോടെ പിടികൂടിയത്.

Related Articles

Back to top button