വീട്ടിലേക്കുള്ള വഴി മതിൽ കെട്ടി അടച്ചു; മഴയത്ത് പുറത്തിറങ്ങാനാകാതെ കുടുംബം; ഒടുവിൽ ഉമ തോമസ്..

വീട്ടിലേക്കുള്ള നടപ്പുവഴി അയൽവാസി മതിൽ കെട്ടി അടച്ചതോടെ വീട്ടിൽ പ്രവേശിക്കാനാകാതെ ദുരിതത്തിലായ കുടുംബത്തിന് ആശ്വാസമായി തൃക്കാക്കര എംഎൽഎ ഉമ തോമസിന്റെ ഇടപെടൽ. പൊന്നുരുന്നിക്ക് സമീപം ചക്കരപ്പറമ്പിൽ താമസിക്കുന്ന സന്ധ്യയും കുടുംബവുമാണ് അയൽവാസി വഴിയടച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായത്.
ഏകദേശം മൂന്ന് വർഷമായി കുടുംബം ഉപയോഗിച്ചുവരുന്ന നടപ്പുവഴിയാണ് അയൽവാസി കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി മതിൽ കെട്ടി അടച്ചത്. വഴി തങ്ങളുടെ സ്ഥലത്താണെന്നും ഇതുസംബന്ധിച്ച് കോടതി ഉത്തരവുണ്ടെന്നും അയൽവാസി അവകാശപ്പെട്ടതായി കുടുംബം പറയുന്നു. എന്നാൽ സൊസൈറ്റി വായ്പയെടുത്താണ് സ്ഥലം വാങ്ങിയതെന്നും വീട്ടിലേക്കുള്ള വഴി വ്യക്തമായി രേഖപ്പെടുത്തിയ ആധാരം തങ്ങളുടെ കൈവശമുണ്ടെന്നും സന്ധ്യയും കുടുംബവും വ്യക്തമാക്കി.
സന്ധ്യ ജോലിക്കും മകൻ സ്കൂളിലേക്കും പോയ സമയത്താണ് നടവഴിയിൽ മതിൽ നിർമിച്ചത്. വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സന്ധ്യയ്ക്ക് അകത്തേക്ക് പ്രവേശിക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. പാലക്കാട് ജോലി ചെയ്യുന്ന പെയിന്റിങ് തൊഴിലാളിയാണ് സന്ധ്യയുടെ ഭർത്താവ്. മകൾ മൂവാറ്റുപുഴയിൽ കോളജ് വിദ്യാർഥിനിയാണ്.
കനത്ത മഴയ്ക്കിടെ കുടുംബം വഴിയില്ലാതെ കുടുങ്ങിയതോടെ ബുധനാഴ്ച രാത്രി വാർഡ് കൗൺസിലർ ബിന്ദു വിജുവും പാലാരിവട്ടം പൊലീസും ഇടപെട്ടു. അയൽപക്കത്തെ പറമ്പിലൂടെ താൽക്കാലികമായി വീട്ടിലെത്താനുള്ള സൗകര്യം ഒരുക്കുകയായിരുന്നു. എന്നാൽ വ്യാഴാഴ്ച രാവിലെ പുറത്തേക്ക് പോകാൻ മറ്റൊരു വഴിയും ഇല്ലാതിരുന്നതിനാൽ സന്ധ്യയ്ക്ക് സ്വന്തം വീടിന്റെയും സമീപത്തെ വീടിന്റെയും ടെറസുകൾ വഴിയാണ് പുറത്തേക്ക് കടക്കേണ്ടിവന്നത്.
പാലാരിവട്ടം പൊലീസ് ഇരുവിഭാഗത്തെയും വിളിച്ചുവരുത്തി സംസാരിച്ചെങ്കിലും കോടതി ഉത്തരവുണ്ടെന്ന നിലപാടിൽ നിയമപരമായി തന്നെ പരിഹാരം തേടണമെന്നായിരുന്നു നിർദേശം. ഇതോടെ കുടുംബം നേരിടുന്ന ദുരിതം മനസിലാക്കിയ കൗൺസിലർ ബിന്ദു വിജു, മുൻ കൗൺസിലർമാർ, നാട്ടുകാർ എന്നിവർക്കൊപ്പം ഉമ തോമസ് എംഎൽഎ സ്ഥലത്തെത്തി.
സ്ഥലത്തെത്തിയ എംഎൽഎ വിഷയം നേരിട്ട് പരിശോധിച്ച ശേഷം നടവഴിയിലെ തടസം നീക്കാൻ ഇടപെടുകയായിരുന്നു. എംഎൽഎയുടെ നേതൃത്വത്തിൽ താൽക്കാലികമായി സ്ഥാപിച്ച മതിൽ മാറ്റുകയും കുടുംബത്തിന് വീട്ടിലേക്കുള്ള വഴി തുറന്നുകൊടുക്കുകയും ചെയ്തു.
മനുഷ്യരുടെ അടിസ്ഥാനപരമായ നടപ്പവകാശം തടയുന്നത് അംഗീകരിക്കാനാകാത്ത കാര്യമാണെന്ന് ഉമ തോമസ് പറഞ്ഞു. വഴിയിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടെങ്കിൽ വീട്ടുകാരോടും ജനപ്രതിനിധികളോടും സംസാരിക്കാമായിരുന്നുവെന്നും സന്ധ്യ ജോലിക്ക് പോയ സമയത്ത് നോക്കി വഴി അടച്ചത് ശരിയായ നടപടിയല്ലെന്നും അവർ വ്യക്തമാക്കി.
വിഷയത്തിൽ നിയമപരമായ എന്ത് നടപടികൾ നേരിടേണ്ടിവന്നാലും അത് താൻ നോക്കിക്കൊള്ളുമെന്നും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യവും നടപ്പവകാശവും സംരക്ഷിക്കാൻ ഇടപെടുമെന്നും ഉമ തോമസ് പറഞ്ഞു.



