ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ കസ്റ്റഡിയിൽ

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദേശത്തുനിന്ന് മടങ്ങുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽവെച്ചാണ് ഇവരെ പിടികൂടിയത്. അർമേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് നടപടി.
ഏകദേശം പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ പാർവതി മായ ഷാജിയാണ് ഒന്നാം പ്രതി. കോട്ടയത്ത് രജിസ്റ്റേർഡ് ഓഫീസുള്ള ആംസ്റ്റർ ഓവർസീസിന് കൊച്ചി, കട്ടപ്പന, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, ബെംഗളൂരു എന്നിവിടങ്ങളിലും ഒമാൻ, ദുബായ്, അബുദാബി, ബഹ്റൈൻ, നേപ്പാൾ തുടങ്ങിയ വിദേശരാജ്യങ്ങളിലും ശാഖകളുണ്ടെന്നാണ് വിവരം. സമാനമായ രണ്ട് തട്ടിപ്പ് കേസുകളിലും പാർവതി മായ ഷാജി പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.



