ഫാഷന്‍ ഡിസൈനിംഗിന്റെ മറവില്‍ ലഹരി വിൽപന; ലോഡ്ജ് കേന്ദ്രീകരിച്ച്

ലോഡ്ജ് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പ്പന നടത്തിയ യുവാക്കൾ പിടിയിൽ. ഫാഷന്‍ ഡിസൈനിംഗിന്റെ മറവില്‍ ആമ്പല്ലൂരിലാണ് സംഭവം. ഒല്ലൂര്‍ മരത്താക്കര സ്വദേശി പനമാടന് വീട്ടില്‍ യാഗിന്‍, പുതുക്കാട് ചെങ്ങാലൂര്‍ സ്വദേശി ഉക്കുരു വീട്ടില്‍ ആസ്റ്റിന്‍ എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഫാഷന്‍ ഡിസൈനറാണെന്ന് പരിചയപ്പെടുത്തി യാഗിനാണ് ആമ്പല്ലൂരില്‍ ലോഡ്ജ് എടുത്ത് താമസിച്ചിരുന്നത്. വസ്ത്രങ്ങളുടെയും ഷൂസുകളുടെയും ഡിസൈന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇത്തരം സ്ഥാപനങ്ങളുടെ ജീവനക്കാരന് എന്ന വ്യാജേന ആസ്റ്റിന്‍ ദിനംപ്രതി ഇയാളെ സന്ദര്‍ശിക്കാനായി വരികയും രണ്ടു പേരും ചേര്‍ന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ബന്ധപ്പെട്ട് റൂമിലേക്കെത്തിച്ച് എംഡിഎംഎ വില്‍പ്പന നടത്തുകയുമായിരുന്നു.
ഇവര്‍ക്ക് ബംഗളൂരവിൽ നിന്നാണ് മയക്കുമരുന്ന് ലഭിക്കുന്നതെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും പുതുക്കാട് പൊലീസും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. യാഗിന്‍ രണ്ട് തവണ എംഡിഎംഎയും കഞ്ചാവും ഉപയോഗിച്ചതിന് പിടിയിലായിട്ടുണ്ട്. ആസ്റ്റിന്‍ സിനിമാ തീയറ്ററില്‍ ജീവനക്കാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിന് ചാലക്കുടി സ്റ്റേഷനിലെ കേസില്‍ പ്രതിയാണ്.
പുതുക്കാട് എസ്.ഐ പി.വി പാട്രിക്, ജി.എസ്.ഐ മാരായ ലിയാസ്, വിശ്വനാധന്, ഗ്രേഡ് സീനിയര്‍ സി.പി.ഒമാരായ, ദീപക്, ബിനോയ്, ബേസില്‍ ഡേവിഡ്, ഡാന്‍സാഫ് സംഘാഗങ്ങളായ സതീശന് മഠപ്പാട്ടില്‍, എ.യു റെജി, വി.യു സില്‍ജോ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അതേസമയം മറ്റൊരു സംഭവത്തിൽ കാസർകോട് വീട്ടിലെ കിടപ്പുമുറിയില്‍ സൂക്ഷിച്ച 1.718 കിലോ കഞ്ചാവുമായി പനത്തടിയില്‍ യുവതി അറസ്റ്റില്‍. പനത്തടി പുത്തൂരടുക്കത്തെ പി സി മീനാക്ഷിയെ (47) യാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. വിൽപ്പയ്ക്കായി സൂക്ഷിച്ചിരുന്നതാണ് കഞ്ചാവ് പൊതികളെന്ന് എക്സൈസ് സംഘം പറഞ്ഞു.
കാസർകോട് എക്സൈസ് ഇൻ്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിലെ എക്സൈസ് ഇൻസ്പെക്ടർ സുബിൻരാജ് നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധനയ്ക്കായി യുവതിയുടെ വീട്ടിൽ എത്തിയത്.



